ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകും

സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. നാളെ തെക്കൻ ജില്ലകളിലും മറ്റന്നാൾ വടക്കൻ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. നാളെ തെക്കൻ ജില്ലകളിലും മറ്റന്നാൾ വടക്കൻ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ടായിരിക്കും.

ബംഗാൾ ഉൾക്കടലിന് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്രാപിക്കാൻ സാധ്യതയെന്നാണ് അറിയിപ്പ്. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദ്ദമായി (Deep Depression) വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23-ന് രാവിലെ വടക്കൻ ആന്ധ്രപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് സമീപം എത്താനാണ് സാധ്യത.

മധ്യ തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 4.5 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളം, തമിഴ്നാട്, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ന്യൂനമർദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പിൽ നിന്ന് 5.8 മുതൽ 7.6 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി (Trough) നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 25 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടയിലും വൈദ്യുതി നിയന്ത്രണത്തിൽ മാറ്റമില്ല. ഇന്നലെ പലയിടത്തും ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണമുണ്ടായി. ഉപഭോഗത്തിൽ കുറവില്ലെന്നും 500 മെഗാവാട്ടിന്റെ കുറവുണ്ടെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. ദീർഘകാല കരാറിന്റെ ഭാഗമായി കിട്ടേണ്ട 380 മെഗാവാട്ടും സ്വാപ് വഴി ലഭിക്കേണ്ട 200 മെഗാവാട്ടും മുടങ്ങിയത് തിരിച്ചടിയായെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം ഉയർന്നു നിന്നാൽ ഇന്നും നിയന്ത്രണം ഉണ്ടായേക്കും.