ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ; തീരദേശത്ത് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം. ഇതിന്റെ ഭാഗമായി കണ്ണൂർ,
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം. ഇതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ കനത്ത മഴ ലഭിച്ചതിന് ശേഷം കുറച്ചുദിവസങ്ങളായി മഴ മുന്നറിയിപ്പുകൾ ഒന്നുമുണ്ടായിരുന്നില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഇവിടെ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാനിടയുണ്ട്. കടൽക്ഷോഭവും തീരശോഷണവും രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കടലേറ്റവും തിരമാലകളും ശക്തമാകുന്ന ഘട്ടത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും വലിയ അപകടത്തിന് കാരണമാകും. മുൻകരുതലിന്റെ ഭാഗമായി മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും മറ്റ് കടൽത്തീര പ്രവർത്തനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ കർശനമായി നിർദേശിച്ചിട്ടുണ്ട്.