ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികളുടെ വാഹനത്തിലേക്ക് ലോറി ഇടിച്ചു കയറി; ഏഴ് പേര്‍ക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 


ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.


ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. അന്നൂര്‍ സ്വദേശിയായ അധ്യാപകന്‍ ഭാര്‍ഗവന്‍, ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ തായിനേരി കൗസ്തുര്‍ഭത്തില്‍ മധു, ഇയാളുടെ ഭാര്യ അനിത, ഇവരുടെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍, ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ സ്വദേശി ഫാസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിതയും ചിത്രയും വത്സലയുമാണ് മണിപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കുന്ദാപുര കുംഭാഷിയിലെ ശ്രീ ചന്ദ്രികാ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ദേശീയപാതയില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ മുന്‍വശത്തെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മംഗളൂരു രജിസ്ട്രേഷനിലുള്ള മീന്‍ ലോറിയാണ് വാഹനത്തില്‍ ഇടിച്ചത്.