ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറി, ലോറിയിടിച്ച്‌ അപകടം;  യുവതിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച്‌ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്.

 

റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച്‌ മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്നും വന്ന ബൈക്കില്‍ തട്ടുകയായിരുന്നു.

ആലുവ: ലിഫ്റ്റ് ചോദിച്ച്‌ ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച്‌ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10.30-ന് അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം.

ആലുവയില്‍ നിന്നും ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബൈക്ക്. റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച്‌ മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്നും വന്ന ബൈക്കില്‍ തട്ടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ച്‌ മറിഞ്ഞു. റോഡില്‍ തലയടിച്ച്‌ വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്.

അബോധാവസ്ഥയിലായിരുന്ന നന്ദനയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും 12.25-ഓടെ മരിച്ചു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയാണ് നന്ദന. ഇടപ്പള്ളിയിലേക്ക് പോയ അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിച്ച്‌ കയറിയതായിരുന്നു.

പിതാവ്: ഹരിപ്രദാസ് (സെൻട്രല്‍ ജി.എസ്.ടി. ഓഫീസില്‍ ജീവനക്കാരനാണ്). മാതാവ്: സാന്റി (ശ്രീമൂലനഗരം പി.എച്ച്‌.സി.യില്‍ നഴ്സ്). സഹോദരി: നിവേദ്യ. മൃതദേഹം ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും