തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചു ; കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജീവനൊടുക്കാൻ ശ്രമിച്ചു
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. പത്തിയൂർ നിരണത്ത് സ്വദേശിയായ സി. ജയപ്രദീപ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. 19-ാം വാർഡിൽ മത്സരിക്കുന്നതിനായി ജയപ്രദീപ് പ്രചാരണം ആരംഭിച്ചിരുന്നുവെങ്കിലും, സ്ഥാനാർത്ഥിയാകാൻ സാധിക്കാതെ വന്നതാണ് ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. അതേസമയം സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്ന് ബി.ജെ.പിയിൽ അടുത്തിടെ സമാനമായ സംഭവങ്ങൾ ഉണ്ടായത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ, സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾക്കെതിരെ കുറിപ്പെഴുതിവെച്ചാണ് ആർ.എസ്.എസ് പ്രവർത്തകനായ ആനന്ദ് കെ. തമ്പി ആത്മഹത്യ ചെയ്തത്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തൃക്കണ്ണാപുരത്ത് ബി.ജെ.പി. സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു ആനന്ദ്.
അപവാദ പ്രചാരണം മൂലമുള്ള മനോവിഷമത്തിൽ ബി.ജെ.പി മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. യുവതിയെ മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡിൽ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയും പോസ്റ്റർ ഉൾപ്പെടെ തയ്യാറാക്കി അനൗദ്യോഗിക പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നേതൃത്വം ഇടപെട്ട് സ്ഥാനാർത്ഥിത്വം ഇല്ലെന്ന് അറിയിച്ചതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.