വിദേശ ജോലിക്ക്‌ 2 ലക്ഷം രൂപവരെ വായ്പ; ‘നോർക്ക ശുഭയാത്ര’ പദ്ധതിയിൽ അപേക്ഷിക്കാം

വിദേശ ജോലി  സാക്ഷാത്കരിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിന് രണ്ടു ലക്ഷം രൂപവരെ വായ്‌പ ലഭ്യമാക്കുന്ന ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. വിദേശ രാജ്യത്ത് തൊഴിൽ നേടുന്നതിനായുള്ള നൈപുണ്യ പരിശീലനത്തിന്‌ പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികൾ ചേർന്നതാണ് ‘നോർക്ക ശുഭയാത്ര’.
 

തിരുവനന്തപുരം: വിദേശ ജോലി  സാക്ഷാത്കരിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിന് രണ്ടു ലക്ഷം രൂപവരെ വായ്‌പ ലഭ്യമാക്കുന്ന ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. വിദേശ രാജ്യത്ത് തൊഴിൽ നേടുന്നതിനായുള്ള നൈപുണ്യ പരിശീലനത്തിന്‌ പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികൾ ചേർന്നതാണ് ‘നോർക്ക ശുഭയാത്ര’. പലിശ ഇളവോടുകൂടി ധനകാര്യ സ്ഥാപനങ്ങൾ മുഖേനയാണ് വായ്പ ലഭ്യമാക്കുക.

താൽപ്പര്യമുള്ളവർ നോർക്ക റൂട്ട്സ് വെബ്‌സൈറ്റ് (https://subhayathra.norkaroots.kerala.gov.in/) സന്ദർശിച്ച് അപേക്ഷ നൽകണം. ഉപപദ്ധതികളിൽ ഒന്നിൽ മാത്രമേ ഒരു അപേക്ഷകൻ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ. നോർക്കയുടെ മറ്റ് പദ്ധതികൾ മുഖേന സഹായം ലഭിച്ചവരെ ഈ പദ്ധതിയിൽ പരിഗണിക്കില്ല. 18 നും 55 നും മധ്യേ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

വിദേശഭാഷാ പരിശീലനം, വിവിധ പരീക്ഷാഫീസുകൾ, മറ്റു റഗുലേറ്ററി പരീക്ഷകൾക്കുള്ള പരിശീലനം, പരിശീലന കാലയളവിലെ ഹോസ്റ്റൽ- ഭക്ഷണം തുടങ്ങിയ ചെലവുകൾ, അംഗീകൃത റിക്രൂട്ടിങ്‌ ഏജൻസികൾക്കുള്ള സേവന നിരക്കുകൾ, വീസ സ്റ്റാമ്പിങ്‌ നിരക്കുകൾ, മെഡിക്കൽ പരിശോധന, വിമാന ടിക്കറ്റ്, വാക്‌സിൻ, വീസ സ്റ്റാമ്പിങ്‌, എച്ച്ആർഡി/എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്‌സിനേഷൻ, ആർടിപിസിആർ, ഒഇടി/ ഐഇഎൽടിഎസ്, ജർമ്മൻ, ജാപ്പനീസ്, അറബിക് തുടങ്ങിയ ഭാഷാ കോഴ്‌സുകൾ മുതലായവയ്ക്കുള്ള ചെലവുകൾക്ക്‌ ഈ വായ്പ ലഭ്യമാകും.

പരമാവധി 36 മാസമാണ് വായ്പാ തിരിച്ചടവിനുള്ള കാലാവധി. കൃത്യമായ വായ്പ തിരിച്ചടവിന് നാലു ശതമാനം പലിശ ഇളവിനും അർഹതയുണ്ടാകും. ആദ്യത്തെ ആറു മാസത്തെ മുഴുവൻ പലിശയും നോർക്ക വഹിക്കും.