ലൈഫ് മിഷന്‍ കോഴക്കേസ്; 'മുഖ്യമന്ത്രിയെ പ്രതി ചേര്‍ത്ത് അന്വേഷിക്കണം', സിബിഐക്ക് മുന്നില്‍ അനില്‍ അക്കര

വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ സിബിഐ ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
 

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര സിബിഐയ്ക്ക് പരാതി നല്‍കി. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയിലെ സിബിഐ ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. ഇടപാട് സംബന്ധിച്ച് ലൈഫ് മിഷന്‍ സിഇഒ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പടക്കമുള്ള രേഖകളും കൈമാറി. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കേസില്‍ ഇഡി അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടക്കുന്ന പശ്ചാത്തലത്തിലാണ് അനില്‍ അക്കര രേഖകള്‍ കൈമാറിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിട്ടതെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞു. '2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുഎഇ റെഡ് ക്രസന്റ് അതോറിറ്റി അധികാരിയും പങ്കെടുത്തു. ആ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ലൈഫ് മിഷനും യുഎഇ റെഡ് ക്രസന്റും തമ്മില്‍ ഒപ്പ് വെച്ച എംഒയു നിയമവിരുദ്ധമാണ്' എന്നാണ് പരാതിയില്‍ പറയുന്നത്. എംഒയുവിന്റെ മറപിടിച്ചാണ് ഈ കേസിലെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അഴിമതിയും നടന്നതെന്നും അനില്‍ അക്കര ആരോപിച്ചു.