ലൈഫ്മിഷന്‍ കേസ് : മറുപടി പറയേണ്ടത് പിണറായിയല്ല,കേന്ദ്രം: അനില്‍അക്കര

 


തൃശൂര്‍: ലൈഫ്മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കേസിലെ ആദ്യപരാതിക്കാരന്‍ അനില്‍അക്കരയുടെ വിമര്‍ശം. കേന്ദ്ര അന്വേഷണഏജന്‍സികള്‍ ശരിയായി അന്വേഷിച്ചാല്‍ ശിവശങ്കരന്റെ ഒപ്പം ജയിലില്‍ കിടക്കേണ്ടത് ഭരണനേതൃത്വത്തിലെ പ്രമുഖനെന്നു അനില്‍ സമൂഹമാധ്യമ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അദ്ദേഹത്തോടാണോ കേസില്‍ മറുപടി പറയാന്‍ ആവശ്യപ്പെടുന്നതെന്ന് പരിഹസിച്ചു.  മറുപടി പറയേണ്ടത് അമിത്ഷായാണെന്നും ചൂണ്ടിക്കാട്ടി. 2019ലാണ് തട്ടിപ്പ്. വിദേശനാണ്യനിയമം ലംഘിച്ചയാളെ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും  ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത കേന്ദ്ര സര്‍ക്കാരാണ് എന്തെങ്കിലും പറയേണ്ടത്. കേസില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടും എന്ത് നടപടിയാണ് കേന്ദ്ര സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള വിദേശകാര്യ സഹമന്ത്രിയും സ്വീകരിച്ചത്? പ്രതിയെ സഹായിക്കുന്നവരും കുറ്റക്കാരാണെന്ന് അനില്‍ ഓര്‍മിപ്പിച്ചു.