പത്തനംതിട്ടയിലെ തിയറ്ററിൽ പോപ്കോണിന്റേയും കോഫിയുടേയും അളവിൽ കുറവ് ; കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം 

പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തീയറ്ററിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് എടുത്തു. തിയറ്ററുകളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കേസ്. പോപ്‌കോൺ, കോഫി എന്നിവയുടെ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. മീഡിയം സ്മാൾ വിഭാഗങ്ങളിലായായിരുന്നു പോപ്‌കോൺ വില്പനയ്ക്ക് വെച്ചിരുന്നത്.

 

 പത്തനംതിട്ട: പത്തനംതിട്ടയിലെ ധന്യ, രമ്യ സിനിമാ തീയറ്ററിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് എടുത്തു. തിയറ്ററുകളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കേസ്. പോപ്‌കോൺ, കോഫി എന്നിവയുടെ അളവിൽ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. മീഡിയം സ്മാൾ വിഭാഗങ്ങളിലായായിരുന്നു പോപ്‌കോൺ വില്പനയ്ക്ക് വെച്ചിരുന്നത്.

ഇതിൽ മീഡിയത്തിൽ 70 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ തൂക്കം നോക്കിയപ്പോൾ 51 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. സ്‌മോൾ വിഭാഗത്തിൽ 55 ഗ്രാം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിൽ 41ഗ്രാം പോപ്‌കോൺ മാത്രമാണ് ഉണ്ടായിരുന്നത്. കോഫി 180 മില്ലി എന്ന് രേഖപ്പെടുത്തിയിരുന്നിടന്ന് ഉണ്ടായിരുന്നത് 105 മില്ലി മാത്രമായിരുന്നു. ധന്യ, രമ്യ തിയറ്ററിനെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് രജിസ്റ്റർ ചെയ്തു. ഭക്ഷണത്തിൽ അളവ് കൃത്യമായിരുന്നെങ്കിലും വില നിലവാര ബോർഡ് സ്ഥാപിക്കാത്തതിന് ട്രിനിറ്റി തിയറ്ററിന് നോട്ടീസും നൽകി. തിയറ്റർ ഉടമ ഭക്ഷ്യ വിൽപ്പന, കരാറുകാരനെ ഏൽപ്പിച്ചിരുന്നതായി ലീഗൽ മെട്രോളജി വിഭാഗം പറയുന്നു.

ലീഗൽ മെട്രോളജി വിഭാഗവും സിവിൽ സപ്ലൈസും സംയുക്തമായാണ് ഇന്നലെ പത്തനംതിട്ടയിലെ തിയറ്ററുകളിൽ പരിശോധന നടത്തിയത്. ആദ്യം ഉദ്യോഗസ്ഥർ സിനിമ കാണാൻ എന്ന രീതിയിൽ തന്നെ ആളുകളോടൊപ്പം രഹസ്യമായി തിയറ്ററിൽ കയറുകയായിരുന്നു. പിന്നാലെ പുറത്തിറങ്ങി ഭക്ഷണ പാദാർത്ഥങ്ങൾ വാങ്ങി. പിന്നാലെയാണ് കൂടുതൽ ഉദ്യോഗസ്ഥർ തീയറ്റർ കോംബ്ലക്‌സിനുള്ളിലേക്ക് ഔദ്യോഗിക വാഹനത്തിൽ എത്തുന്നത്. തുടർന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. പോപ്‌കോണും കോഫിയുമാണ് പ്രധാനമായും പരിശോധിച്ചിരുന്നത്.