സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർത്തി പ്രചാരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രി രാജിവയ്ക്കണം : രമേശ് ചെന്നിത്തല

സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർത്തി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി എടുത്ത് നിലപാട് സ്വാഗതാർഹമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

 

 തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർത്തി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി എടുത്ത് നിലപാട് സ്വാഗതാർഹമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സർക്കാർ നടത്തിയത്. അതിനുള്ള അവകാശം മുഖ്യമന്ത്രിക്കന്നല്ല ആർക്കുമില്ല.

എല്ലാവർക്കും ഡിഎയും അലവൻസും കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എല്ലാ ഉദ്യോഗസ്ഥർക്കും വാട്സ് ആപ്പിലാണ് ലഭിച്ചത്.ജഡ്ജിമാർക്ക് വരെ ലഭിച്ചുവെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ട് ഇത് നിർത്തിച്ചത്.ഗുരുതരമായ തെറ്റാണ് സർക്കാരും മുഖ്യമന്ത്രിയും ചെയ്തത്. ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണ് വേണ്ടത്.

സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തിവിവരങ്ങൾ ചോർന്നപ്പോൾ തന്നെ കഴിഞ്ഞ ഞായറാഴ്ച താൻ പത്രസമ്മേളനം വിളിച്ച് ഇക്കാര്യം പുറത്തുവിട്ടിരുന്നു. എന്നാൽ അതിന് മറുപടിപറയാൻ കൂട്ടാക്കാതെ ഡാറ്റാ ചോർന്നില്ലന്ന ഒഴുക്കൻ മറുപടി ചീഫ് സെക്രട്ടറിയെക്കൊണ്ടിറക്കിച്ച് തടിതപ്പുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്പ്രിംഗ്്‌ളർ വിഷയത്തിലും സമാനമായ നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. വിദേശ കമ്പനി നമ്മുടെ ആരോഗ്യവിവരങ്ങൾ ചോർത്തിയെന്ന വിവരങ്ങൾ ഞാൻ പുറത്തുവിട്ടപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കാതെ അന്നത്തെ സെക്രട്ടറി ശിവശങ്കരനെക്കൊണ്ട് മറുപടി പറയിച്ചു രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്ക് മുഖ്യമന്ത്രിക്കോ മറ്റാർക്കുമോ കടന്നുകയറാനുള്ള അവകാശമില്ല. ഈ ഫോൺ നമ്പരുകൾ എല്ലാം എടുത്ത് എല്ലാവർക്കും വാട്സ്ആപ്പ് മെസ്സേജ് അയച്ചത് നിയമവിരുദ്ധമാണ്. ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്ക് കടന്നുകയറാൻ അധികാരമില്ല. പുട്ടസ്വാമി കേസ് ഓഫ് യൂണിയൻ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന കേസിലാണ് ഏറ്റവും ആദ്യമായി ഇങ്ങനെ ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. വിവരങ്ങൾ ചോർത്തിയതോടെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അധികാര ദുർവിനിയോഗം ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു