കണ്ണൂരിൽ ലീഗ് വനിത സ്ഥാനാർത്ഥിയെ കാണാനില്ല; സിപിഎം തട്ടിക്കൊണ്ടുപോയതാണെന്ന് മാതാവ്   

വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‍ലിംലീഗിലെ

 

തലശ്ശേരി : വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കാഞ്ഞിരത്തിൻകീഴിലെ യു.ഡി.എഫ് സ്ഥാനാർഥിയായ മുസ്‍ലിംലീഗിലെ ടി.പി. അർവയെയാണ് കാണാതായത്. തങ്ങളുടെ സ്ഥാനാർഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‍ലിം ലീഗ്​ നേതൃത്വം ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് വസ്തുതാവിരുദ്ധമാ​ണെന്നും ലീഗ് നേതൃത്വം പറഞ്ഞു.

മകളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൊക്ലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായും ഇവർ അറിയിച്ചു. രണ്ടുദിവസമായി വീട്ടിൽ നിന്നിറങ്ങിയ അർവയെ നിരന്തരം ഫോണിൽ വിളിച്ച് ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിപിഎം പ്രവർത്തകരുടെ തടങ്കലിലാണെന്ന് സംശയിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ബി.ജെ.പിക്കാരനായ റോഷിത്ത് എന്നയാളുടെ കൂടെ പോയി എന്ന് സംശയിക്കുന്നു എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്. എന്നാൽ, തങ്ങൾ ഇങ്ങനെ മൊഴി നൽകിയിട്ടില്ലെന്ന് മാതാവ് പറയുന്നു.

പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയെ ഇക്കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതായത്. ഫോൺനമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമല്ല. ശക്തമായ പോരാട്ടം നടക്കുന്ന വാർഡാണിത്. നാമനിർദേശ പത്രിക സമർപ്പിച്ചതുമുതൽ തങ്ങളുടെ സ്ഥാനാർഥികളെ പിൻവലിക്കാൻ സി.പി.എം പല കുതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഇപ്പോൾ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ അവർ ഹൈജാക് ചെയ്തതാണെന്നും മുസ്‍ലിം ലീഗ് ചൊക്ലി പഞ്ചായത്ത് സെക്രട്ടറി പി.കെ. റഫീഖ് ‘മാധ്യമം’ ഓൺലൈനിനോട് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി അർവയെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ചൊക്ലി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

അതേസമയം, ബി.ജെ.പിക്കാരനായ റോഷിത്ത് എന്നയാളുടെ കൂടെ പോയി എന്ന് സംശയിക്കുന്നു എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്. എന്നാൽ, തങ്ങൾ ഇങ്ങനെ മൊഴി നൽകിയിട്ടില്ലെന്നും ഇത് പൊലീസ് എഴുതിച്ചേർത്തതാണെന്നും മാതാവ് പറയുന്നു.