കേരളത്തിൽ എൽഡിഎഫ് തുടരും; നല്ല വിജയം കൈവരിക്കും: ടി പി രാമകൃഷ്ണൻ
കോഴിക്കോട്: സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും നല്ല രീതിയിൽ വിജയം കൈവരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിൽ നല്ല രീതിയിൽ വിജയം കൈവരിക്കുമെന്നും മറ്റ് കാര്യങ്ങൾ വോട്ടെണ്ണലിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും എക്സിറ്റ് പോളിൽ ഏറ്റവും മികച്ച പിന്തുണ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോളിൽ കെ കെ ഷൈലജയുടെ വിജയം പ്രവചനാതീതം എന്നാണ് പറഞ്ഞത്. ഇടുക്കിയിൽ എം എം മണി തോൽക്കുമെന്നും ബേപ്പൂരും ബാലുശേരിയും തോൽക്കുമെന്നും പ്രവചിച്ചു. അന്നത്തെ എക്സിറ്റ് പോൾ നിരീഷണം തെറ്റായിരുന്നു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഇത്തവണയും ഉണ്ട്. ഇത് യാഥാർത്ഥ്യത്തിൽ നിന്നും വ്യത്യസ്തമാണ്. എക്‌സിറ്റ് പോൾ കണക്കുകൂട്ടലിൽ തെറ്റ് വരും. എത്ര സീറ്റ് എൽഡിഎഫിനെന്ന് പ്രവചിക്കാനില്ല. ഭരണമാറ്റം വേണമെന്ന് പറയുന്നവർ എന്തിന്റെ അടിസ്ഥാനത്തിൽ വേണം എന്നത് വിശദമാക്കണം. കോഴിക്കോട് എൽഡിഎഫ് മുന്നേറ്റമുണ്ടാക്കും. പേരാമ്പ്രയിൽ താനും ജയിക്കും. ന്യൂനപക്ഷ ഏകീകരണമുണ്ടായില്ല. ഇത്തരം ഒരു വിശകലനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.