മണ്ണിടിച്ചിൽ ; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു
മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും പൂർണമായി നീക്കാനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കും.
കൽപറ്റ: മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും പൂർണമായി നീക്കാനുള്ള പ്രവൃത്തി ഉടൻ ആരംഭിക്കും.
തുടർന്ന് വിശദ പരിശോധനകൾക്കുശേഷം മാത്രമേ ചുരം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കു. അതുവരെ യാത്രക്കാർ കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണം. ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇരുഭാഗങ്ങളിലും കുടുങ്ങി കിടക്കുന്നത്. ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ രാത്രി കടത്തിവിട്ടിരുന്നു. ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിനു സമീപം മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതോടെയാണ് കോഴിക്കോട്-വയനാട് ദേശീയ പാത 766ൽ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം.
ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവെച്ചതായി വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചിരുന്നു. ആംബുലൻസിന് പോലും കടന്നുപോകാൻ കഴിയാത്ത വിധം ചുരത്തിൽ ഗതാഗതം നിലച്ചിരുന്നു. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മണ്ണു മാന്തി യന്ത്രത്തിൻറെ സഹായത്തോടെ മണ്ണ് നീക്കിയാണ് ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ കടത്തിവിട്ടത്.