വീണ്ടുമൊരു വിവാഹ വേദിയായി  ലേക് ഷോര്‍ ആശുപത്രി; ദിയയുടെ കഴുത്തിൽ ജിതിന്‍ ജയന്‍ താലിചാര്‍ത്തി

  ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടില്‍ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകള്‍ ദിയ ജി പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തന്‍കണ്ടത്തില്‍ പരേതനായ ഡി. ജയന്‍, അനിത ദമ്പതികളുടെ മകന്‍ ജിതിന്‍ ജയന്‍ താലിചാര്‍ത്തി.

 

കൊച്ചി: നാല് മാസങ്ങള്‍ക്ക് ശേഷം ലേക് ഷോര്‍ ആശുപത്രി വീണ്ടുമോരു  കല്യാണമണ്ഡപമായി. മുന്‍നിശ്ചയിച്ച തീരുമാനങ്ങള്‍ക്ക് മേല്‍ ആരോഗ്യാവസ്ഥ പ്രതിസന്ധി തീര്‍ത്തപ്പോള്‍ ചികിത്സയിലിരുന്ന വധുവിന് മുന്നില്‍ ആശുപത്രിയുടെ കരുതലിന്റെ വാതിലുകള്‍ തുറന്നു. ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടില്‍ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകള്‍ ദിയ ജി പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തന്‍കണ്ടത്തില്‍ പരേതനായ ഡി. ജയന്‍, അനിത ദമ്പതികളുടെ മകന്‍ ജിതിന്‍ ജയന്‍ താലിചാര്‍ത്തി.

ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതാണ്. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ബന്ധുക്കള്‍ പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. യാത്ര ചെയ്യാന്‍ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതേ സമയം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തില്‍ മറ്റ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ സല്‍ക്കാര പരിപാടികളും നടത്തി.

വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരന്‍ ഷാരോണ്‍ വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലിചാര്‍ത്തിയത് കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു. പിന്നാലെ 4 മാസത്തിന് ശേഷം വീണ്ടുമൊരു വിവാഹ വേദിയായതിന്റെ  സന്തോഷത്തിലാണ്  ആശുപത്രി അധികൃതരും.