'പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി'; എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്റര്‍

ടീം യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

സ്വന്തം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

സിറ്റിങ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയെ അനുകൂലിച്ച് പെരുമ്പാവൂരില്‍ പോസ്റ്റര്‍. 'പെരുമ്പാവൂരിന് കുന്നപ്പിള്ളി മതി' എന്നെഴുതിയ പോസ്റ്ററുകളാണ് പെരുമ്പാവൂരില്‍ പ്രത്യക്ഷപ്പെട്ടത്. സ്വന്തം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സാധിക്കാത്ത മനോജ് മൂത്തേടനെ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പീഡന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സിറ്റിങ് എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളിയെയും എം വിന്‍സന്റിനെയും കോണ്‍ഗ്രസ് പരിഗണിക്കില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ പെരുമ്പാവൂരില്‍, എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ മനോജ് മൂത്തേടനെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിരൂപത ആര്‍ച്ച് ബിഷപ്പ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തുനല്‍കുകയും ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും പേര് വെട്ടിയതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കോണ്‍ഗ്രസ് കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷ ഉണ്ടെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരിച്ചാല്‍ 15,000വോട്ടിനെങ്കിലും ജയിക്കുമെന്നാണ് കുന്നപ്പിള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.