കുന്നമംഗലത്ത് വിദ്യാർത്ഥികളെ ഇറക്കി മടങ്ങിയെത്തിയ സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ
കുന്നമംഗലത്ത് വിദ്യാർത്ഥികളെ സ്കൂളിൽ ഇറക്കി മടങ്ങിയെത്തിയ വാൻ വീട്ടുമുറ്റത്ത് വെച്ച് തീപിടിച്ചു നശിച്ചു. കോണോട്ട് എൽ.പി സ്കൂളിന് വേണ്ടി സർവീസ് നടത്തുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നിന്നും കുട്ടികളെ വിട്ട ശേഷം മടങ്ങിയെത്തി അബ്ദുറഹിമാൻ എന്നയാളുടെ വീടിന് മുന്നിൽ നിർത്തിയിട്ട ഉടനെയാണ് വാഹനത്തിൽ നിന്ന് തീ ഉയർന്നത്.
കോഴിക്കോട് : കുന്നമംഗലത്ത് വിദ്യാർത്ഥികളെ സ്കൂളിൽ ഇറക്കി മടങ്ങിയെത്തിയ വാൻ വീട്ടുമുറ്റത്ത് വെച്ച് തീപിടിച്ചു നശിച്ചു. കോണോട്ട് എൽ.പി സ്കൂളിന് വേണ്ടി സർവീസ് നടത്തുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നിന്നും കുട്ടികളെ വിട്ട ശേഷം മടങ്ങിയെത്തി അബ്ദുറഹിമാൻ എന്നയാളുടെ വീടിന് മുന്നിൽ നിർത്തിയിട്ട ഉടനെയാണ് വാഹനത്തിൽ നിന്ന് തീ ഉയർന്നത്. പ്രദീഷ് കാട്ടിലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വാഹനം. കുട്ടികൾ വാഹനത്തിൽ ഇല്ലാതിരുന്ന സമയത്ത് അപകടം നടന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
വാഹനത്തിൽ നിന്ന് തീ പടരുന്നത് കണ്ട് പ്രദേശവാസികൾ ഉടൻ തന്നെ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇന്ധന ടാങ്കിലേക്ക് തീ പടർന്നതോടെ ആളിപ്പടരുകയായിരുന്നു. വാഹനം നിർത്തിയിട്ടിരുന്ന വീടിന്റെ ഒരു ഭാഗത്തേക്കും തീ വ്യാപിച്ചു. വിവരമറിഞ്ഞ് വെള്ളിമടുകുന്ന് ഫയർഫോഴ്സ് യൂണിറ്റിൽ നിന്നും രണ്ട് വാഹനങ്ങൾ എത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അബ്ദുറഹ്‌മാന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പ്രദീഷിന്റെ ഉപജീവന മാർഗ്ഗമായിരുന്നു ഈ വാഹനം. തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.