കുണ്ടറയിലെ യുവാവിന്റെ മരണം: കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ജൂണ്‍ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്.

 

കുണ്ടറ സെസൈറ്റിമുക്ക് സ്വദേശിയായ സിയാദായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ചത്.

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എത്രയും പെട്ടെന്ന് മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

കുണ്ടറ സെസൈറ്റിമുക്ക് സ്വദേശിയായ സിയാദായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിന് പിന്നാലെ മരിച്ചത്. അയല്‍വാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 16 ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ചാണ് സിയാദിനെ പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാന്‍ ഭാര്യയും മകളും ജൂണ്‍ 17ന് പുലര്‍ച്ച വരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. കാണാനില്ലെന്ന് പറയപ്പെട്ട 13കാരന്‍ പിറ്റേന്ന് രാവിലെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിയാദിനെ പൊലീസ് വിട്ടയച്ചത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സിയാദിന്റെ വാരിയെല്ല് തകര്‍ന്ന് ഇന്‍ഫെക്ഷനായി കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരിക്കുകയുമായികുന്നു.

പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് സിയാദ് ഇരയായതായി കുടുംബം ആരോപിച്ചിരുന്നു. ജീപ്പില്‍ കയറ്റുമ്പോള്‍ തന്നെ പൊലീസ് മര്‍ദ്ദനം തുടങ്ങിയിരുന്നതായും കുടുംബം പറഞ്ഞിരുന്നു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ എസ്ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം.