കുണ്ടറ കസ്റ്റഡി മര്‍ദന ആരോപണം: സിപിഒ എസ് ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയില്‍ ജൂണ്‍ 16നാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

 

സിയാദിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചെന്നും സ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കുണ്ടറയില്‍ യുവാവ് മരിച്ചതിലെ കസ്റ്റഡി മര്‍ദന ആരോപണത്തില്‍ സിപിഒ എസ് ശ്രീജിത്തിന് സസ്‌പെന്‍ഷന്‍. സിയാദിനെ ജീപ്പില്‍ വെച്ച് ശ്രീജിത്ത് ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണ വിധേയമായാണ് റൂറല്‍ എസ്പി സസ്‌പെന്‍ഡ് ചെയ്തത്. സിയാദിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴുള്ള നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചെന്നും സ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയില്‍ ജൂണ്‍ 16നാണ് സിയാദിനെ കുണ്ടറ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ശേഷം 17ന് വിട്ടയച്ചു. സിയാദ് ജൂലൈ 25നാണ് മരിച്ചത്. സിയാദിന് പങ്കില്ലാത്ത സംഭവത്തിലായിരുന്നു രാത്രി വീട്ടില്‍ എത്തിയുള്ള പൊലീസിന്റെ കസ്റ്റഡി നടപടി. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പരിക്കും അണുബാധയുമാണ് സിയാദിന്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. സിയാദ് മരിച്ചത് ഹെപ്പറ്റൈറ്റിസ് സി മൂലമെന്നാണ് പരിശോധനാ ഫലം. കസ്റ്റഡിയില്‍ നിന്ന് വിട്ട ശേഷം സിയാദിനെ മറ്റൊരാള്‍ മര്‍ദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

ജില്ലാ ക്രൈം ബ്രാഞ്ച് സിയാദിന്റെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സിയാദിനെ വാഹനത്തില്‍ വെച്ച് സിപിഒ അടിച്ചെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളും മൊഴികളും പരിശോധിച്ചു വരികയാണ്.