കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ കേരളത്തിന് വീഴ്ചയില്ല, പ്രായപൂർത്തിയായെന്ന രേഖകൾ വ്യാജമല്ലെന്ന് പൊലീസ് ; ഡി.ജി.പി നേരിട്ട് എസ്.സി-എസ്.ടി കമ്മീഷന് മുമ്പിൽ ഹാജരാകും
കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹത്തിൽ വീഴ്ചയില്ലെന്ന് അറിയിക്കാൻ ഡിജിപി. ദേശീയ എസ്‌സി/ എസ്ടി കമ്മീഷന് മുന്നിൽ ഡിജിപി നേരിട്ട് ഹാജരാകും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും രേഖകൾ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്ന നിലപാടും അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹത്തിൽ വീഴ്ചയില്ലെന്ന് അറിയിക്കാൻ ഡിജിപി. ദേശീയ എസ്‌സി/ എസ്ടി കമ്മീഷന് മുന്നിൽ ഡിജിപി നേരിട്ട് ഹാജരാകും. രേഖകൾ പ്രകാരം 18 വയസ് പൂർത്തിയായെന്നും രേഖകൾ വ്യാജമല്ലെന്ന് ഉറപ്പിച്ചെന്ന നിലപാടും അറിയിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.
പെൺകുട്ടിയെ കാണാതായെന്ന പ്രചാരണം തെറ്റാണെന്നും കേരളത്തിലുണ്ടെന്നും പൊലീസ് നിരീക്ഷണം തുടരുന്നുവെന്നും ഡിജിപി അറിയിക്കും. പൊലീസ് സംരക്ഷണം നൽകാൻ തയ്യാറാണെന്നും അറിയിക്കാനാണ് ഡിജിപിയുടെ നീക്കം. ഡിജിപി നാളെയാണ് ഡൽഹിയിൽ ഹാജരാകുന്നത്.
പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് മാതാപിതാക്കൾ ഫർമാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതേസമയം പെൺകുട്ടി ഗർഭിണിയാണെന്നും ഉടൻ മധ്യപ്രദേശ് പൊലീസിന് മുന്നിൽ ഹാജരാകാനാകില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ അറിയിച്ചിരുന്നു.
കുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും മാർച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവർ പങ്കെടുത്തിരുന്നു.
പിന്നീടാണ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തത്. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആധാറും പാൻ കാർഡും ജനന സർട്ടിഫിക്കറ്റും പരിശോധിച്ച ശേഷമാണ് വിവാഹ രജിസ്ട്രേഷൻ നടത്തിയതെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. പെൺകുട്ടി ഹാജരാക്കിയ രേഖകളിൽ 18 വയസ് തികഞ്ഞിട്ടുണ്ടെന്നും വിവാഹം നടന്നതിൽ മറ്റ് ദുരൂഹതകളില്ലെന്നതടക്കമുള്ള അന്വേഷണ റിപ്പോർട്ട് റൂറൽ എസ് പി ഡിജിപിക്ക് കൈമാറുകയും ചെയ്തിരുന്നു.
കേസിൽ ഫർമാൻ ഖാന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫർമാൻ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണിൽ മധ്യപ്രദേശ് സർക്കാർ നൽകിയ ജനന സർട്ടിഫിക്കറ്റും ഫർമാൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫർമാന്റെയും പെൺകുട്ടിയുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.