കൂടംകുളം നിലയത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി ; ലോഡ് ഷെഡിങ് അധിക നാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം

 

സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂര്‍ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ ഇന്നലെ മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡിങ് അധിക നാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവില്‍ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്നും കൂടംകുളം നിലയത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്നുമാണ് കെഎസ്ഇബി അറിയിക്കുന്നത്. നിലയത്തിലെ അറ്റകുറ്റപ്പണി മൂലം കഴിഞ്ഞ ദിവസം ഇത് മുടങ്ങിയിരുന്നു. നേരത്തെയുള്ള കരാര്‍ പ്രകാരം പവര്‍ എക്‌സ്‌ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനല്‍ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവര്‍ എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂര്‍ണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂര്‍ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം