കെ-ടെറ്റ് ഇളവ് റദ്ദാക്കി; നെറ്റ്, പിഎച്ച്ഡിക്കാരും പാസാകണം; പുതിയ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന പല സുപ്രധാന ഇളവുകളും സർക്കാർ റദ്ദാക്കി.
പ്രധാന മാറ്റങ്ങൾ:
ഉയർന്ന യോഗ്യതയുള്ളവർക്കും കെ-ടെറ്റ് നിർബന്ധം: സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കിയിരുന്ന മുൻ ഉത്തരവ് സർക്കാർ റദ്ദാക്കി. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും.
വിവേചനമെന്ന് ആക്ഷേപം; എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണത്തിന് കെ-ടെറ്റ് നിർബന്ധം
സ്ഥാനക്കയറ്റത്തിന് നിയന്ത്രണം: ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാന അധ്യാപകരാകാനോ, ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് (HSST/HSST Junior) ബൈട്രാൻസ്ഫർ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി-III നിർബന്ധമായിരിക്കും.
എൽ.പി/യു.പി നിയമനം: എൽ.പി, യു.പി അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് കാറ്റഗറി I, II എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. എന്നാൽ ഹൈസ്കൂൾ നിയമനങ്ങൾക്ക് കാറ്റഗറി III തന്നെ വേണം.
സി-ടെറ്റ് ഇളവ്: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) വിജയിച്ചവർക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എൽ.പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യു.പി നിയമനത്തിനും പരിഗണിക്കും.
ബൈട്രാൻസ്ഫർ നിയമനങ്ങൾ: എച്ച്.എസ്.ടി/യു.പി.എസ്.ടി/എൽ.പി.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെയും അനധ്യാപകരെയും മാത്രമേ ഇനി പരിഗണിക്കുകയുള്ളൂ.
പുതിയ ഉത്തരവ് നിലവിൽ സർവീസിലുള്ള ഒട്ടേറെ അധ്യാപകരെ പ്രതിസന്ധിയിലാക്കും. ഇതിനിടെ, അധ്യാപകരെ സർക്കാർ വഞ്ചിച്ചെന്ന വിമർശനവുമായി പ്രതിപക്ഷസംഘടനകൾ രംഗത്തെത്തി. കെ-ടെറ്റിന്റെ പേരിൽ അധ്യാപകരുടെ സ്ഥാനക്കയറ്റം തടയില്ലെന്നു മിനിറ്റ്സ് രേഖപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലറിലെ മഷി മായുംമുൻപേ അതിനു വിരുദ്ധമായി ഉത്തരവിറക്കി വഞ്ചിച്ചെന്ന് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ആരോപിച്ചു. കെ-ടെറ്റ് യോഗ്യതയ്ക്ക് രണ്ടു വർഷത്തെ സമയപരിധി സുപ്രീംകോടതിതന്നെ നിശ്ചയിച്ചിരിക്കേയാണ്, വിധിയുടെ പേരിൽ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സർക്കാർ തടയുന്നതെന്ന് കെപിഎസ്ടിഎ സംസ്ഥാനപ്രസിഡന്റ് കെ. അബ്ദുൾ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും കുറ്റപ്പെടുത്തി.