ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല, ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും ; കെ.ടി. ജലീൽ
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി മുൻ മന്ത്രിയും തവനൂർ മുൻ എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി മുൻ മന്ത്രിയും തവനൂർ മുൻ എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും ജലീൽ പറഞ്ഞു. പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും. പാർട്ടി തെറ്റുകൾ തിരുത്തും. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെല്ലാം അസംബന്ധങ്ങളാണെന്നും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ലീഗ് തൻറെ കൂടി പാർട്ടിയാണെന്നും തിരിച്ചുവിളിച്ചാൽ പോകാൻ തയാറാണെന്നും ജലീൽ പറഞ്ഞു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും. കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും -ജലീൽ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂരിൽ കോൺഗ്രസിൻറെ വി.എസ്. ജോയിയോട് 14,647 വോട്ടുകൾക്ക് ജലീൽ പരാജയപ്പെട്ടിരുന്നു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;
ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളിൽ കട്ടക്ക് നിൽക്കും.
അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരൻ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും.
കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാർട്ടി തെറ്റുകൾ തിരുത്തും. നേതാക്കളും പ്രവർത്തകരും പിശകുകളെ മറികടക്കും. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് മതനിരപേക്ഷതക്ക് കാവലിരിക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ചെറുത്ത് തോൽപിക്കും.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കപ്പെടുന്നതെല്ലാം അസംബന്ധങ്ങൾ. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല. ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരും. ലാൽസലാം