കുട്ടികളെ അപമാനിച്ച സംഭവം ; തെറ്റ് സമ്മതിക്കാൻ പോലും ജലീൽ തയ്യാറാകുന്നില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ
മണ്ണാർക്കാട് നഗരസഭയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പാലക്കാട് : മണ്ണാർക്കാട് നഗരസഭയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്ന രീതിയിൽ പെരുമാറിയ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും, മേൽവിലാസം തെറ്റിച്ചെഴുതി എന്ന പേരിൽ കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ നടപടിയെടുത്തത്. കുട്ടികളെ അപമാനിച്ച കെ.ടി. ജലീലിന്റെ നടപടി വലിയ തെറ്റാണെന്നും ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കാൻ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് പ്രതികരിച്ചു.
സംഭവത്തെക്കുറിച്ച് ജില്ലാ ശിശുസംരക്ഷണ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് പരാതിയില്ലെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുമെന്നും, ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത് സ്വാഗതാർഹമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ആ നടപടികൾ യഥാസമയം യഥാക്രമം നടക്കുമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണ മറുപടി നൽകിയത്.