നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ മാത്രം 2.86 കോടി;  വിവരങ്ങൾ പുറത്തുവിട്ട് കെ.എസ്.യു നേതാവ്

നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ മാത്രം 2.86 കോടി ചെലവെന്ന് രേഖകൾ. പരസ്യത്തിനും പ്രചരണത്തിനുമായി സർക്കാർ ഖജനാവിൽ നിന്ന് സ്വകാര്യ ഏജൻസികളിലേക്ക് ഒഴുകിയത് കോടികളാണ്.

 

കണ്ണൂർ: നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിക്കാൻ മാത്രം 2.86 കോടി ചെലവെന്ന് രേഖകൾ. പരസ്യത്തിനും പ്രചരണത്തിനുമായി സർക്കാർ ഖജനാവിൽ നിന്ന് സ്വകാര്യ ഏജൻസികളിലേക്ക് ഒഴുകിയത് കോടികളാണ്. ഇനിയും തിട്ടപ്പെടുത്താത്ത കോടികളുടെ കുടിശ്ശിക വേറെയുമുണ്ടെന്നും സർക്കാർ തന്നെ വ്യക്തമാക്കുന്നു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട കണക്കുകളിലെ സർക്കാർ ഒളിച്ചുകളിക്കിടെ അടിമുടി ദുരൂഹത നിറഞ്ഞ വിവരങ്ങൾ പുറത്തുവന്നത് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയിലൂടെയാണ്. സദസ്സിന്റെ ഭാഗമായുള്ള കലാജാഥയ്ക്ക് മാത്രം സ്വകാര്യ ഏജൻസിക്ക് നൽകിയത് 45 ലക്ഷം രൂപയാണ്. നവകേരള സദസ്സ് സംബന്ധിച്ച് പല ചോദ്യങ്ങൾക്കും മറുപടിയില്ലെന്നതും ലഭിച്ച മറുപടികളിലെ പൊരുത്തക്കേടുകളും പരിപാടിക്ക് പിന്നിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ദുരൂഹതകൾ വർദ്ധിപ്പിക്കുകയാണ്.
 
2024 നവംബർ 25 ന് മുഹമ്മദ് ഷമ്മാസിന്റെ വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ 2,86,49,306 രൂപ നവകേരള സദസ്സിന് പരസ്യ ബോർഡ് സ്ഥാപിച്ച ഇനത്തിൽ ആകെ ചിലവ് വന്നെന്നും ഇതിൽ 2,31,49,306 രൂപ ഇനിയും നൽകാനുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതേ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിന് വീണ്ടും അപേക്ഷ നൽകിയപ്പോൾ 2025 ജനുവരി 6 ലഭിച്ച മറുപടിയിൽ ഇനി നൽകാൻ ബാക്കിയുള്ള തുക വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല പരിപാടി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ബില്ലുകൾ പരിശോധിച്ച് വരികയാണ് എന്നാണ് മറുപടി ലഭിച്ചത്. അങ്ങനെയെങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസം മുമ്പ് 2,31,49,306 രൂപ ഈ ഇനത്തിൽ നൽകാനുണ്ട് എന്ന് മറുപടി നൽകി എന്നതും സംശയങ്ങളുയർത്തുന്നു.

നവകേരള സദസ്സിന് പുറമേ നിലവിലെ മന്ത്രിസഭയുടെ കാലയളവിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ മാത്രം നാളിതുവരെ ചെലവഴിച്ചത് ആറരക്കോടിയോളം  രൂപയാണ്.ഇതിൽ ഭൂരിഭാഗം തുകയും സ്വകാര്യ ഏജൻസികൾക്കാണ് നൽകിയിട്ടുള്ളതും.വൻ വിവാദങ്ങൾക്കിടയാക്കിയ കെ-റെയിൽ പരസ്യത്തിനായി ബോർഡ് സ്ഥാപിച്ച വകയിലുള്ള 10 ലക്ഷം രൂപയും ഇതിൽ പെടുന്നു.

മണ്ഡല അടിസ്ഥാനത്തിൽ കോടികൾ പണപ്പിരിവ് നടത്തി സംഘടിപ്പിച്ച നവകേരള സദസ്സിനായി  പിരിച്ചെടുത്തതും ചെലവഴിച്ചതുമായ ഒരു കണക്കും നൽകാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന് ധൂർത്തടിച്ചതിന് പുറമെ സദസ്സിന്റെ പേരിൽ വ്യാപകമായ പണപ്പിരിവും നടന്നിരുന്നു.കണക്കില്ലാത്ത വൻ തുകയാണ് സാധാരണ കച്ചവടക്കാർ മുതൽ വൻകിട ബിസിനസുകാർ വരെയുള്ളവരെ പിഴിഞ്ഞ് ഓരോ മണ്ഡലം കേന്ദ്രങ്ങളിലേയും നേതാക്കൾ കൈക്കലാക്കിയത്.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ധൂർത്ത് പരിപാടികളുടെ മറവിലുള്ള വലിയ കൊള്ളയാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്നും പാവപ്പെട്ട രോഗികൾ ഉൾപ്പെടെയുള്ളവർ ചികിത്സാ സഹായങ്ങൾ പോലും നൽകാതെ വലക്കുകയും  ജനങ്ങളുടെ ആവശ്യങ്ങൾ മുന്നോട്ടു വരുമ്പോൾ കൈമലർത്തുകയും ചെയ്യുന്ന സർക്കാരിന്റെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.