കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ലെന്ന് അന്വേഷണം സംഘത്തിന്റെ റിപ്പോര്‍ട്ട്
കരിങ്കൊടി പ്രതിഷേധം മാത്രമാണുണ്ടായത്. അക്രമിച്ചെന്ന ക്രിമിനല്‍ കേസ് ഗണ്‍മാന്‍ മൊഴി മാറ്റിയതോടെ നിലനില്‍ക്കില്ല.
വ്യാജ മൊഴി നല്‍കിയ ഗണ്‍മാനെതിരായ നടപടി ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മുന്‍മന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ വീണയെ ആക്രമിച്ചിട്ടില്ലെന്ന് അന്വേഷണം സംഘത്തിന്റെ റിപ്പോര്‍ട്ട്. മുന്‍മന്ത്രിയും ഗണ്‍മാനും സംഭവം പെരുപ്പിച്ച് കാണിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ക്രിമിനല്‍ നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ല. കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വ്യാജ മൊഴി നല്‍കിയ ഗണ്‍മാനെതിരായ നടപടി ഡിജിപിയുടെ വിവേചനാധികാരം ഉപയോഗിച്ച് എടുക്കാവുന്നതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കരിങ്കൊടി പ്രതിഷേധം മാത്രമാണുണ്ടായത്. അക്രമിച്ചെന്ന ക്രിമിനല്‍ കേസ് ഗണ്‍മാന്‍ മൊഴി മാറ്റിയതോടെ നിലനില്‍ക്കില്ല. മന്ത്രിക്ക് നേരെ കരിങ്കൊടിയുമായി എത്തിയ കെഎസ്യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മന്ത്രിയും ഇതിനിടയില്‍ പെടുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിക്ക് കഴുത്തിന് വേദന ഉണ്ടായത്. സംഭവത്തിന് ശേഷം മന്ത്രി മൂന്നാം പ്ലാറ്റ്ഫോമിലേക്ക് നടന്നുപോകുകയും ചെയ്തെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. സംഭവത്തില്‍ തൊണ്ടിയായി കരിങ്കൊടി മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. വീണാജോര്‍ജിനെ ചികിത്സിച്ച പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്നത് എസ്ഐടിക്ക് കണ്ടുപിടിക്കാനായില്ല. ആക്രമിച്ച ആയുധങ്ങളും ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കാണ് അന്വേഷണസംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.