കെഎസ്ടിപി അഴിമതി ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന് (കെഎസ്ടിപി) കീഴിൽ നടത്തിയ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ ഉയർന്ന 2 കോടി രൂപയുടെ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. രണ്ട് പതിറ്റാണ്ട് മുമ്പ് ജ്ഞാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ സംഭവത്തിലാണ് പുതിയ അന്വേഷണം. എസ്ഐആറുമായി (SIR) ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിജിലൻസിന്റെ ഈ നടപടി

 

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന് (കെഎസ്ടിപി) കീഴിൽ നടത്തിയ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ ഉയർന്ന 2 കോടി രൂപയുടെ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. രണ്ട് പതിറ്റാണ്ട് മുമ്പ് ജ്ഞാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ സംഭവത്തിലാണ് പുതിയ അന്വേഷണം. എസ്ഐആറുമായി (SIR) ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിജിലൻസിന്റെ ഈ നടപടി.

കൊല്ലം കടയ്ക്കൽ ചടയമംഗലം സ്വദേശിയും കരാറുകാരനുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കെഎസ്ടിപി പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ എംസി റോഡ് നവീകരണ പ്രവൃത്തികളുടെ കുടിശ്ശിക തുക അനുവദിക്കുന്നതിനായി 2 കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നാണ് സാജന്റെ ആരോപണം. എഞ്ചിനീയർമാർ പാസാക്കി നൽകിയ 17 കോടി രൂപയുടെ ബില്ലുകളുടെ ചെക്കുകൾ ജ്ഞാനേഷ് കുമാർ മനപ്പൂർവം തടഞ്ഞുവെച്ചെന്നും, ഇത് മലേഷ്യൻ കമ്പനിയായ പതി-ബെലിനും അവരുടെ കരാറുകാർക്കും തൊഴിലാളികൾക്കും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു.

ആവശ്യപ്പെട്ട കോഴപ്പണം നൽകിയില്ലെങ്കിൽ ചെക്കുകൾ നൽകില്ലെന്ന് ജ്ഞാനേഷ് കുമാർ വ്യക്തമാക്കിയതായി കമ്പനിയുടെ പ്രോജക്ട് എഞ്ചിനീയറും മലേഷ്യൻ പൗരനുമായ ലീ സീ ബീൻ തന്നോട് പറഞ്ഞിരുന്നതായി സാജൻ വെളിപ്പെടുത്തി. വിഷയം തുക നൽകി തീർക്കാൻ നിർദേശിച്ചെങ്കിലും കൈക്കൂലി നൽകി ചെക്കുകൾ വാങ്ങാൻ കമ്പനി അധികൃതർ സമ്മതിച്ചില്ലെന്ന് ലീ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. തുക വിതരണം ചെയ്യുന്നതിലുണ്ടായ കാലതാമസവും കോഴ ആവശ്യപ്പെട്ടതുമാണ് 2006-ൽ ലീയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആത്മഹത്യാക്കുറിപ്പിൽ ഇതേക്കുറിച്ച് പരാമർശമുണ്ടെന്നും സാജൻ അവകാശപ്പെട്ടു.

മുമ്പ് നടന്ന അന്വേഷണത്തിൽ നിർണായക തെളിവുകളോ സാക്ഷികളെയോ വിജിലൻസ് പരിഗണിച്ചിരുന്നില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ലീയുടെ കുടുംബാംഗങ്ങളെയും കമ്പനിയിലെ മുൻ ജീവനക്കാരെയും സാക്ഷികളായി ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് അന്വേഷണത്തിന് അനുമതി തേടിയത്. കെപിസിസി നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിൽ ഒക്ടോബർ 4-ന് പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തിന്റെ തുടർച്ചയായി പുതിയ പരാതിയും അതേ സംഘം തന്നെ പരിശോധിക്കും. 2006-ൽ ലീയുടെ മരണത്തെ തുടർന്ന് അന്വേഷണം നടന്നിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. പഴയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ വിട്ടുപോയിട്ടുണ്ടോ എന്ന കാര്യവും പുതിയ അന്വേഷണപരിധിയിൽ വരും. അതേസമയം, ആരോപണങ്ങളോട് ജ്ഞാനേഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.