കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് എസി വോള്‍വോ സര്‍വീസ് ഇന്ന് മുതല്‍
ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് എസി വോള്‍വോ ലക്ഷ്വറി ബസ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരം- എറണാകുളം റൂട്ടിലാണ് പുതിയ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് എറണാകുളത്തേക്കും തിരിച്ചുമുള്ള സര്‍വീസ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് കൊല്ലം അയത്തില്‍, ആലപ്പുഴ കൊമാടി, ഹൈക്കോടതി വഴി രാവിലെ ഒന്‍പതേ മുക്കാലിന് എറണാകുളത്ത് എത്തും. തിരികെ വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഇതേ റൂട്ടിലൂടെ രാത്രി ഒന്‍പതേ മുക്കാലിന് ബസ് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയും മികച്ച യാത്രാസൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ബിസിനസ് ക്ലാസ് ബസാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. യാത്രക്കാര്‍ക്കായി 36 പ്രീമിയം റിക്ലൈനിങ് സീറ്റുകളാണ് ബസിലുള്ളത്. ഓരോ സീറ്റിലും വ്യക്തിഗത വിനോദ സംവിധാനം ഒരുക്കിയിട്ടുണ്ട്. മിനി റഫ്രിജറേറ്ററും കോഫി മേക്കറും ഉള്‍പ്പെടുന്ന പാന്‍ട്രി സംവിധാനവും ബസിനുള്ളില്‍ തന്നെയുള്ള ടോയ്ലറ്റ് സൗകര്യവും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ സഹായകമാകും. മൊബൈല്‍ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകളും യാത്രയിലുടനീളം സൗജന്യ വൈഫൈ സൗകര്യവും ബസില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പ്രീമിയം നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിനായി ബസില്‍ ജീവനക്കാരുണ്ടാകും. ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് ബസിന്റെ പ്രവര്‍ത്തനരീതി, സുരക്ഷാ സംവിധാനങ്ങള്‍, അടിയന്തര ഘട്ടങ്ങളിലെ നടപടികള്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്. ഇതിന് പുറമെ, ബസ് ഹോസ്റ്റസുമാര്‍ക്ക് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, കസ്റ്റമര്‍ സര്‍വീസ്, യാത്രക്കാരെ കൈകാര്യം ചെയ്യുന്ന രീതി, അടിയന്തര സേവനങ്ങള്‍ തുടങ്ങിയവയിലും മികച്ച പരിശീലനം ഉറപ്പാക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ മുന്‍കൂട്ടി വാട്‌സ്ആപ്പിലൂടെ ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിലേക്ക് 'Hai' എന്ന് സന്ദേശം അയക്കാം. കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, എന്റെ കെഎസ്ആര്‍ടിസി നിയോ ഒപിആര്‍എസ് മൊബൈല്‍ ആപ്ലിക്കേഷന്‍, മറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ എന്നിവ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.