കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡീസൽ ക്ഷാമം രൂക്ഷം

 

കൽപറ്റ: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡീസൽ ക്ഷാമം രൂക്ഷമായതോടെ ഗ്രാമീണ മേഖലകളിലേക്കുള്ള ബസ് സർവിസുകൾ ഉൾപ്പെടെ മുടങ്ങി. കൽപറ്റ, മാനന്തവാടി ഡിപ്പോകളിൽനിന്നുള്ള ട്രിപ്പുകളാണ് കൂടുതലും മുടങ്ങിയത്. കോഴിക്കോടേക്കുള്ള ബസ് സർവിസും റദ്ദാക്കിയിട്ടുണ്ട്.

 ഗ്രാമീണ മേഖലകളിലേ റൂട്ടുകളിലേക്ക് തിരക്കുള്ള രാവിലെയും വൈകീട്ടും മാത്രമായി ട്രിപ്പുകൾ വെട്ടിക്കുറച്ച സാഹചര്യവുമുണ്ടായി. പ്രവൃത്തി ദിനമായ വ്യാഴാഴ്ച ബസ് സർവിസുകൾ മുടങ്ങിയത് ജനങ്ങളെ വലച്ചു.

 കൽപറ്റ ഡിപ്പോയിൽനിന്ന് 15 ട്രിപ്പുകളും മാനന്തവാടിയിൽനിന്ന് 11 ട്രിപ്പുകളും സുൽത്താൻ ബത്തേരിയിൽനിന്ന് രണ്ട് ട്രിപ്പുകളുമാണ് മുടങ്ങിയത്. മൂന്ന് ഡിപ്പോകളിൽനിന്നായി ആകെ 28 ട്രിപ്പുകളാണ് റദ്ദാക്കിയത്. സുൽത്താൻ ബത്തേരിയിൽ പകൽ സമയത്തെ രണ്ട് ട്രിപ്പുകൾ മാത്രമാണ് റദ്ദാക്കിയത്. ഡീസൽ ക്ഷാമം തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ട്രിപ്പുകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടാകും.

കഴിഞ്ഞ ദിവസവും ഡീസൽ ക്ഷാമത്തെതുടർന്ന് മാനന്തവാടി ഡിപ്പോയിലെ ബസ് സർവിസുകൾ റദ്ദാക്കിയിരുന്നു. കൽപറ്റ ഡിപ്പോയിൽ ട്രിപ്പ് നടത്താതെ ബസുകൾ കൂട്ടത്തോടെ നിർത്തിയിട്ടിരിക്കുകയാണ്. ഉൾനാടൻ പ്രദേശങ്ങളിലേക്ക് മാത്രമാണ് വ്യാഴാഴ്ച കൽപറ്റയിൽനിന്ന് സർവിസുകൾ നടത്തിയത്. 

മൂന്ന് ദിവസമായി ജില്ലയിലെ ഡിപ്പോകളിൽ ഡീസലെത്തിയിട്ടില്ല. കോഴിക്കോട് ഡിപ്പോയിൽനിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിഭാഗം വിദൂര സർവിസുകളായ ബസുകളും ഇന്ധനം നിറച്ചത്. എന്നാൽ, വ്യാഴാഴ്ച കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലക്ക് പുറത്തുള്ള മറ്റ് ഡിപ്പോകളിൽനിന്ന് ഡീസൽ ലഭ്യമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. പ്രവൃത്തി ദിനമായ വ്യാഴാഴ്ച സർവിസുകൾ മുടങ്ങിയ സാഹചര്യത്തിൽ പൊതുജനങ്ങളെ കാര്യമായി ബാധിച്ചു. 

മാസം 16 ഡ്യൂട്ടി എടുത്താൽ മാത്രമേ ശമ്പളം തരുള്ളൂ എന്ന് മാനേജ്മെന്‍റ് തീരുമാനം നിലനിൽക്കെ ഡീസൽ ലഭ്യമല്ലാത്തപക്ഷം തൊഴിലാളികളുടെ ശമ്പള കാര്യത്തിലും ഇന്ധന ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യൂനിയൻ നേതാക്കൾ പറയുന്നത്. ഓയിൽ കമ്പനിക്ക് നൽകേണ്ട തുക കെ.എസ്.ആർ.ടി.സി നൽകാത്തതാണ് പമ്പുകളിലെ ഡീസൽ വിതരണം താളം തെറ്റാൻ കാരണമെന്നാണ് വിവരം.