കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം കൃത്യമായി നല്‍കുമെന്ന് സി.എം.ഡിയുടെ ഉറപ്പ്

 

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ ഉറപ്പ് നല്‍കി. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്. ശമ്പളം കൃത്യമായി നല്‍കുക എന്നതാണ് മുഖ്യലക്ഷ്യമെന്നും കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളമുടക്കം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ് അഞ്ചിന് മുമ്പ് നല്‍കും. ജൂലൈ മാസത്തിലെ ശമ്പളം ഓഗസ്റ്റ് 10 ന് മുമ്പ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെക്കാനിക്, മിനിസ്ട്രീരിയല്‍ സ്റ്റാഫ്, സ്റ്റേഷന്‍ മാസ്റ്റര്‍, സെക്യൂരിട്ടി, ഇന്‍സ്‌പെക്ടര്‍, വെഹിക്കല്‍ സൂപ്പര്‍വൈസര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 9000 ജീവനക്കാരാണ് ജൂണ്‍ മാസത്തെ ശമ്പളത്തിനായി കാത്തിരിക്കുന്നത്.

അതേസമയം സി.എം.ഡി വിളിച്ച യോഗം ടി.ഡി.എഫ് ബഹിഷ്‌കരിച്ചു. ശമ്പളം കിട്ടാതെ സഹകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. നാളത്തെ ഇലക്ട്രിക് ബസ് ഉദ്ഘാടനവും ബഹിഷ്‌ക്കുമെന്ന് ടി.ഡി.എഫ് സെക്രട്ടറി അറിയിച്ചു. അതേസമയം ജൂലൈ മാസത്തിലെ ശമ്പള വിതരണത്തിനായി കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈയിലെ ശമ്പളം ആഗസ്റ്റ് അഞ്ചിന് മുമ്പ് കൊടുക്കണമെന്ന ഹൈകോടതി ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.