സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാല്‍ ആദ്യമാസം കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്.
അവരുടെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് വാഗ്ദാനം നടപ്പിലായാല്‍ ആദ്യമാസം തന്നെ കെഎസ്ആര്‍ടിസി പൂട്ടിക്കെട്ടുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പല വാഗ്ദാനങ്ങളും യുഡിഎഫ് നടത്തും. അവരുടെ പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു
കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാല്‍ 50കോടി രൂപ കൂടി സര്‍ക്കാര്‍ അധികതുക നല്‍കേണ്ടി വരുമെന്നും ഇതൊന്നും മനസിലാക്കാതെ ഡല്‍ഹിയില്‍ നിന്നും വരുന്നവര്‍ക്ക് പലതും പറയാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കോര്‍പ്പറേഷന്‍ ഒന്ന് പച്ചപിടിച്ചു വരികയാണ്. കെഎസ്ആര്‍ടിസി പൂട്ടിയാല്‍ വഴിയാധാരമാകാന്‍ പോകുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരാണ്. ഇത് പ്രൈവറ്റ് ബസുകളെ സഹായിക്കാന്‍ മാത്രമേ ഉതകൂ. പണം ജനങ്ങളുടേതാണ് അത് നഷ്ടപ്പെടുത്താതെ നോക്കേണ്ട കാവല്‍ക്കാരാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. മുമ്പ് കര്‍ണാടകയില്‍ ഈ വാഗ്ദാനം നടപ്പില്‍ വരുത്തിയതോടെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പ്രതിസന്ധിയിലായെന്ന കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു.