തിരുവനന്തപുരത്ത് കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഹിളാമോർച്ച പ്രവർത്തകർ കെഎസ്ആർടിസി ബസിൽ കയറി പ്രതിഷേധിച്ചു. കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം.

 

 തിരുവനന്തപുരം : യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഹിളാമോർച്ച പ്രവർത്തകർ കെഎസ്ആർടിസി ബസിൽ കയറി പ്രതിഷേധിച്ചു. കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റ് എടുക്കാതെയായിരുന്നു പ്രതിഷേധം.

പതിനഞ്ചാം തീയതി മുതൽ സൗജന്യ യാത്ര എന്നായിരുന്നു കോൺഗ്രസ് വാഗ്ദാനമെന്നും എന്നാൽ അത് നടപ്പിലാക്കിയില്ലെന്നുമാണ് മഹിളാമോർച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞത്. സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പാക്കി തുടങ്ങി. സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്നും നവ്യ ഹരിദാസ് പറഞ്ഞു.

അതേസമയം സൗജന്യ ടിക്കറ്റ് നൽകാനുള്ള നിർദേശം ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആർടിസിയിൽ പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ സൗജന്യ ടിക്കറ്റ് നൽകി. ഇതിന് പകരമായി സ്വന്തം കയ്യിൽ നിന്ന് പണം നൽകുമെന്ന് കണ്ടക്ടർ പറഞ്ഞു. സർക്കാർ ഉത്തരവ് വരാതെ സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ലെന്നും കണ്ടക്ടർ പറഞ്ഞു. അതിനിടെ കൊല്ലത്ത് ബസിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട്ടും കോഴിക്കോടും പ്രതിഷേധം സമാധാനപൂർണമായിരുന്നു.

അതിനിടെ ബിജെപിയുടെ പ്രതിഷേധത്തിനെതിരെ വ്യാപക വിമർശനവും പരിഹാസവും ഉയർന്നിട്ടുണ്ട്. 'സമയം ഒരുപാട് വൈകിപ്പോയി, അൽപം കൂടി നേരത്തേ ആക്കാമായിരുന്നില്ലേ' എന്നാണ് പലരും ചോദിച്ചത്. ആദ്യം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ കഴിയട്ടെയെന്നും മന്ത്രിസഭ രൂപീകരിച്ച ശേഷം പ്രതിഷേധിക്കാമെന്നും പറഞ്ഞവരുണ്ട്.