പ്രിയദർശിനി പദ്ധതിയിൽ മുന്നേറി കെഎസ്ആർടിസി ; സെപ്റ്റംബറിൽ 4.16 കോടി സൗജന്യ യാത്രകൾ
കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിക്ക് ഇതുവരെ 298.63 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. സെപ്റ്റംബർ മാസത്തെ യാത്രാ ചെലവിലേക്ക് മാത്രം 88.23 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ മാത്രം 4.16 കോടി സൗജന്യ യാത്രകളാണ് പദ്ധതി വഴി നടന്നത്. ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധന രേഖപ്പെടുത്തി.
തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിക്ക് ഇതുവരെ 298.63 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. സെപ്റ്റംബർ മാസത്തെ യാത്രാ ചെലവിലേക്ക് മാത്രം 88.23 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ മാത്രം 4.16 കോടി സൗജന്യ യാത്രകളാണ് പദ്ധതി വഴി നടന്നത്. ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധന രേഖപ്പെടുത്തി.
ജൂൺ 15-ന് ആരംഭിച്ച ഈ പദ്ധതി സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്കും യാത്രാച്ചെലവ് കുറയ്ക്കുന്നതിനും വലിയ ആശ്വാസമായെന്ന് സർക്കാർ വ്യക്തമാക്കി. വരുമാനക്കുറവ് സർക്കാർ തന്നെ നേരിട്ട് നികത്തുന്നതിനാൽ കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യതയുണ്ടാകില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു. അതേസമയം, പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം തകർച്ചയിലാണെന്ന് ആരോപിച്ച് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കുമെന്നും ബസുടമകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി അടക്കമുള്ളവരുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സമര പ്രഖ്യാപനം. മിനിമം ചാർജ് 20 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുക, പ്രിയദർശിനി പദ്ധതി മൂലം തകർച്ചയിലായ ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ പ്രതിദിന ചെലവിനുള്ള പണം പോലും ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി.