കൊടുവായൂരിൽ യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി ; ഒഴിവായത് വൻ ദുരന്തം
യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി. പല്ലശ്ശനയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിനാണ് ചൊവ്വാഴ്ച (നവംബർ 24) ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.
Nov 25, 2026, 16:35 IST
കൊടുവായൂർ: യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ സ്റ്റിയറിങ് ഊരിപ്പോയി. പല്ലശ്ശനയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിനാണ് ചൊവ്വാഴ്ച (നവംബർ 24) ഉച്ചയ്ക്ക് 12 മണിയോടെ അപകടമുണ്ടായത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി.
കൊടുവായൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ നിന്ന് യാത്രക്കാരെ കയറ്റിയ ശേഷം ബസ് അല്പദൂരം മുന്നോട്ട് നീങ്ങിയപ്പോഴാണ് സ്റ്റിയറിങ് ഇളകിപ്പോന്നത്. ഈ സമയം സ്കൂളിൽ കലോത്സവം നടക്കുന്നതിനാൽ റോഡിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. സ്റ്റോപ്പിൽ നിന്ന് എടുത്തയുടനെയായതിനാൽ ബസിന് വേഗത കുറവായിരുന്നു. ഇതുമൂലം ഡ്രൈവർക്ക് ബസ് സുരക്ഷിതമായി നിർത്താൻ സാധിച്ചു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കി മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിൽ അയച്ചു.