നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിനുള്ളിലെ ഹൈമാസ്റ്റ് തൂൺ കെ.എസ്.ആർ.ടി.സി ബസിടിച്ച് തകർന്നു
പുതുതായി പ്രവർത്തനമാരംഭിച്ച നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ച കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റ് തൂൺ ബസിടിച്ച് തകർന്നു. ബസ് സ്റ്റാൻഡിനകത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് തൂൺ തകർന്നത്.
നീലേശ്വരം: പുതുതായി പ്രവർത്തനമാരംഭിച്ച നീലേശ്വരം നഗരസഭ ബസ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ച കൂറ്റൻ ഹൈമാസ്റ്റ് ലൈറ്റ് തൂൺ ബസിടിച്ച് തകർന്നു. ബസ് സ്റ്റാൻഡിനകത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് തൂൺ തകർന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. തകർന്ന തൂൺ ഹൈടെൻഷൻ വൈദ്യുതി കമ്പിയിൽ തട്ടി നിന്നു. തൂണ് യാത്രക്കാരുടെ നേർക്കോ ബസിന് മുകളിലോ പതിച്ചിരുന്നെങ്കിൽ ജീവന് തന്നെ ഭീഷണിയാകുമായിരുന്നു.
ബസ് സ്റ്റാൻഡിനകത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ പടിഞ്ഞാറുഭാഗത്ത് സ്ഥാപിച്ച ലൈറ്റ് തൂണാണ് തകർന്നത്. പിന്നീട് ക്രെയിൻ ഉപയോഗിച്ച് അപകടം കൂടാതെ തൂൺ താഴെയിറക്കി. സംഭവമറിഞ്ഞ് നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി. നീലേശ്വരം ബസ് സ്റ്റാൻഡിലെ അശാസ്ത്രീയമായ ക്രമീകരണങ്ങൾ അപകടമുണ്ടാക്കുമെന്ന് യാത്രക്കാരും ഡ്രൈവർമാരും നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ഫെബ്രുവരി 16ന് ബസ് സ്റ്റാൻഡിനകത്തെ യാത്രക്കാർക്ക് നേരെയുള്ള അപകടത്തെക്കുറിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു.