ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ പ്രാഥമിക പരിശോധന പൂർത്തിയായി, ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നു : ഗതാഗത മന്ത്രി
കർണാടക ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ പ്രാഥമിക പരിശോധന പൂർത്തിയായെന്നും ഡ്രൈവർക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. 16 മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവർ മിഥിലേഷ് ഡ്യൂട്ടിയിൽ പ്രവേശിച്ചതെന്നും അപകടത്തിൽപ്പെട്ട ബസിന് മറ്റ് പഴക്കങ്ങളോ സാങ്കേതിക തകരാറുകളോ ഇല്ലെന്നും മന്ത്രി അറിയിച്ചു.
ജീവനക്കാരുടെ വിശ്രമമില്ലായ്മയാണ് അപകടത്തിന് കാരണമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും, സംഭവത്തിൽ നിയമപരമായ അപാകതകളൊന്നുമില്ലെന്നും കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അന്തർസംസ്ഥാന സർവീസുകൾക്കായി പൂർണ്ണമായും പുതിയ ബസുകൾ നൽകാൻ നിലവിൽ സാധിക്കില്ലെങ്കിലും നവീകരിച്ച ബസുകൾ ലഭ്യമാക്കുന്നുണ്ടെന്നും, ഭാവിയിലെ പുതിയ നിയമനങ്ങളിൽ കണ്ടക്ടർ കം ഡ്രൈവർ (മൾട്ടി ടാസ്കിംഗ്) രീതി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മറ്റ് വിവാദങ്ങളിലും ഗതാഗത മന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അധികാര ദുർവിനിയോഗമാണെന്നും അസാധാരണ പ്രളയ സാഹചര്യത്തിൽ ഇത്തരം നടപടികൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയോട് യോജിപ്പില്ലെന്നും, ‘വന്ദേമാതരം’ ആലപിക്കുന്നതിൽ മുൻകാല നിലപാടുകൾ പോലെ ആദ്യ ചരണങ്ങൾ മാത്രം മതിയെന്നുമാണ് സിഎംപിയുടെ നിലപാടമെന്നും മന്ത്രി പറഞ്ഞു.