സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി വാങ്ങിയ വകയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളിൽ നിന്നും ഈ തുക ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തിൽ കെഎസ്ഇബിക്ക് അധികമായി വൈദ്യുതി വാങ്ങേണ്ടി വന്നതിനാൽ 6.29 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്. ഈ തുകയാണ് സർചാർജ് രൂപത്തിൽ ഈടാക്കാൻ ബോർഡ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് മാലം സർചാർജ് പിരിച്ചിരുന്നില്ല.
ഇതനുസരിച്ച് പ്രതിമാസം വൈദ്യുതി ബില്ലടയ്ക്കുന്നവർക്കും രണ്ടുമാസത്തിലൊരിക്കൽ ബില്ലടയ്ക്കുന്നവർക്കും സർചാർജ് ബാധകമായിരിക്കും. പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയുമാണ് അധികമായി നൽകേണ്ടി വരിക.
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ വൈദ്യുതി ബോർഡുകൾക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് കെഎസ്ഇബിയുടെ നടപടി.