സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം : കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് സസ്പെൻഷൻ

തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

 

മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി.

 

 

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറെ സർവീസിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൂപ്പർവൈസറി വീഴ്ചയുടെ പേരിലാണ് നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും ഉചിതമായ അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി.പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വൈദ്യുതി വിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ബോര്‍ഡ് നടപടി സ്വീകരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു