വ്യാജകത്ത് തന്റെതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കും:കെപിസിസി പ്രസിഡന്റ സണ്ണി ജോസഫ് 

കണ്ണൂർനിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജകത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും വിജയിച്ച് കഴിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരിട്ടിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

 

 
കണ്ണൂർ : കണ്ണൂർനിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജകത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാനും വിജയിച്ച് കഴിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇരിട്ടിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ, ഡിജിപി,ജില്ലാകളക്ടർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഇത്തരത്തിൽ ഒരു കത്ത് എഴുതുകയോ, അയയ്ക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് തുറന്ന് സമ്മതിക്കാനുള്ള രാഷ്ട്രീയ ആർജ്ജവം തനിക്കുണ്ട്.  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ എന്തിനാണ് മടിക്കുന്നത്. 

ആരാണ് വ്യാജകത്ത് സൃഷ്ടിച്ചതെന്ന് കണ്ടുപിടിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. തന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിൽ വ്യാജകത്ത് ആരാണ് സൃഷ്ടിച്ചതെന്ന് തെളിയിക്കാൻ സർക്കാരും പോലീസും തയ്യാറാകുന്നില്ലെങ്കിൽ കോടതിയിൽ ഏതറ്റംവരെയും പോയി സത്യസന്ധതയും നിരപാരാധിത്വവും തെളിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.ഈ വ്യാജകത്തും വടകരയിലെ കാഫിർ സ്്ക്രീൻ ഷോർട്ടിന് തുല്യമാണ്. കാഫിർ സ്‌ക്രീൻഷോർട്ടിന്റെ അന്വേഷണം എൽഡിഎഫ് പ്രവർത്തകരിലേക്ക് എത്തിയപ്പോഴാണ് അത് മരവിപ്പിച്ചത്. അതിൽ യുഡിഎഫ് പ്രവർത്തകനെ പ്രതിയാക്കാനാണ് ശ്രമിച്ചത്. കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് നിലച്ച അന്വേഷണം വീണ്ടും നടത്തിയത്. ഒടുവിൽ കാഫിർ സ്‌ക്രീൻഷോർട്ട് അന്വേഷണം എത്തിയത് എൽഡിഎഫിന് ബന്ധമുള്ള സമൂഹമാധ്യമ പേജുകളിലേക്കാണ്. അതിനെ തുടർന്ന് റിപ്പോർട്ട് കൊടുക്കാത്ത സാഹചര്യമാണുണ്ടായതെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. അതുപോലെ ഈ വ്യാജകത്തിലെ അന്വേഷണം മാറിയാൽ കോടതിയെ സമീപിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.   കെ.സുധാകരനും താനുമായി ഒരു പ്രശ്‌നവുമില്ല. പത്തുവർഷത്തെ സർക്കാരിന്റെ ദുർഭരണത്തിന് എതിരെ വിധിയെഴുത്തുണ്ടാകണമെന്ന് കെ.സുധാകരൻ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ പോസ്റ്റിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

വയനാട് ഫണ്ടിന്റെ കണക്ക് പുറത്തുവിട്ടത് യുഡിഎഫിന് ഗുണം ചെയ്‌തെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ്  മാർക്‌സിസ്റ്റ് പാർട്ടിയുടെ ശബരിമലക്കൊള്ളയും അയ്യപ്പ സംഗമത്തിന്റെ മറവിലുള്ള മോഷണവും ഒരിക്കൽക്കൂടി മറനീക്കി പുറത്തുവരാൻ അവരുടെ ഈ ദുരാരോപണം യുഡിഎഫിനെ സഹായിച്ചെന്നും പറഞ്ഞു. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയ നികേഷ് കുമാറിനെതിരെ പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് പ്രഖ്യാപിച്ച വീടിന്റെ ഫണ്ട് കളക്ഷനെ ഓർത്ത് ആരും ബേജാറാകണ്ട. ഇതുവരെ സമാഹരിച്ച തുകയേക്കാൾ കൂടുതൽ തുക ചെലവാക്കി സ്ഥലം വാങ്ങി. തുടർന്ന് പൈസ സമാഹരിക്കാതെ തന്നെ പാർട്ടിയുടെ തനത് ഫണ്ട് ഉപയോഗിച്ച് വീട് നിർമ്മിക്കും. വയനാട് വീടിന്റെ ഗൃഹപ്രവേശനത്തിന് എല്ലാവരെയും വിളിക്കുമെന്നും സണ്ണി ജോസഫ് മറുപടി നൽകി. 

താനും വിഡി സതീശനും വനവാസത്തിന് പോകേണ്ടിവരില്ലെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സണ്ണി ജോസഫ് മറുപടി നൽകി. വനവാസം എന്നത് രാഷ്ട്രീയത്തിലെ ഒരു സംസാരശൈലിയാണ്.ജയിക്കും എന്നുള്ള ആത്മവിശ്വാസമാണ് അതിൽ പ്രതിഫലിച്ചത്. പിണറായി വിജയൻ വനവാസത്തിന് പോകില്ല. പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാൻ ഇവിടെയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.യുഡിഎഫ് അധികാരത്തിൽ വന്ന് എത്രയും വേഗം അഞ്ചിന ഇന്ദിരാ ഗ്യാരന്റി നടപ്പിലാക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരും.യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. തികഞ്ഞ പ്രതീക്ഷയും ആത്മവിശ്വാസവുമാണുള്ളത്. പേരാവൂരിൽ ഇത്തവണ മുൻവർഷത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.എഐസിസിയുടെ എല്ലാ പിന്തുണയും ലഭിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ, ദീപദാസ് മുൻഷി എന്നിവർ ശക്തമായ നേതൃത്വവും അവശ്യമായ ഉപദേശ നിർദ്ദേശങ്ങളും നൽകി. അവരോടുള്ളമുള്ള നന്ദി കെപിസിസി രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

കണ്ണൂരിൽ ഉൾപ്പെടെ എൽഡിഎഫ് നടത്തിയ അതിക്രമങ്ങളെ  അതിജീവിച്ച പ്രവർത്തകർക്കും നല്ല നീതിയിൽ വോട്ടിംഗ് ബൂത്തിലെത്തി ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ വോട്ടർമാരോടും കെപിസിസി നന്ദി രേഖപ്പെടുത്തുന്നു.
എൽഡിഎഫ് വ്യാപക അക്രമം നടത്തിയപ്പോൾ അത് തടയുന്നതിൽ പോലീസ് പലയിടത്തും നിർജീവമായിരുന്നു. ഫലപ്രദമായി പോലീസിനെ വിന്യസിക്കുന്നതിലും വീഴ്ചയുണ്ടായി. പേരാവൂരിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളെ തുടർന്ന് തനിക്ക് ഡിജിപിയെ തന്നെ നേരിട്ട് വിളിക്കേണ്ടി വന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് നടന്ന അക്രമങ്ങളെ കെപിസിസി പ്രസിഡന്റ് ശക്തമായി അപലപിക്കുന്നു. കണ്ണൂരിലെ വിവിധ ഇടങ്ങളിൽ നടന്ന സിപിഎം അക്രമങ്ങളെ അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.