പേരാവൂരിൽ ജയിക്കുമോയെന്ന് ഉറപ്പില്ല:കെപിസിസി അധ്യക്ഷ പദവിയിൽ തുടരാൻ സണ്ണി ജോസഫ്
പേരാവൂർ മണ്ഡലത്തിൽ കടുത്ത മത്സരം നേരിടുന്ന യു.ഡി.എഫ സ്ഥാനാർത്ഥി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയിൽ തുടരും.
ഇരിട്ടി:പേരാവൂർ മണ്ഡലത്തിൽ കടുത്ത മത്സരം നേരിടുന്ന യു.ഡി.എഫ സ്ഥാനാർത്ഥി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ പദവിയിൽ തുടരും. പേരാവൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയുമായി ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ജയിക്കുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് സണ്ണി ജോസഫിനെ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം.
ഇതിനു പകരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹൈക്കമാൻഡ് പ്രത്യേക സമിതിക്ക് രൂപം നൽകി. കെപിസിസി വൈസ് പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, എം എ വാഹിദ്, മര്യാപുരം ശ്രീകുമാർ എന്നിവർ അടങ്ങിയ നാലംഗ സമിതിക്കാണ് രൂപം നൽകിയത്.സാധാരണ നിലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെപിസിസി അധ്യക്ഷന്മാർ പോകുമ്പോൾ പകരം ചുമതല നൽകുന്നതാണ് പതിവ്. ആദ്യഘട്ടത്തിൽ അങ്ങനെ ആലോചന നടന്നതാണ്.
ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെ പരിഗണിക്കുകയും ചെയ്തതാണ്. എന്നാൽ അധ്യക്ഷ പദവി ഒഴിയില്ലെന്ന ഉറച്ച നിലപാട് സണ്ണി ജോസഫ് സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തനിക്ക് കഴിയുമെന്നും സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു.തുടർന്നാണ് സണ്ണി ജോസഫ് തന്നെ അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരട്ടെ എന്ന തീരുമാനം വന്നത്. സണ്ണി ജോസഫിന്റെ അഭാവത്തിൽ കെപിസിസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാലംഗ സമിതിയെ തീരുമാനിക്കുകയായിരുന്നു.