കെ.പി.സി.സി അധ്യക്ഷ പദവി: കെ. സുധാകാരൻ മാറിയാൽ സണ്ണി ജോസഫിനെ പരിഗണിക്കാൻ സാധ്യത
കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും കെ.സുധാകരനെ നീക്കാൻ തത്വത്തിൽ തീരുമാനിച്ചതോടെ പകരം ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ച തുടങ്ങി.
കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും കെ.സുധാകരനെ നീക്കാൻ തത്വത്തിൽ തീരുമാനിച്ചതോടെ പകരം ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ച തുടങ്ങി. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ കടിച്ചു തൂങ്ങാനില്ലെന്നും തൻ്റെ സ്ഥാനം ജനമനസിലാണെന്നും ഈ കാര്യത്തിൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ സുധാകരൻ പ്രതികരിച്ചിരുന്നു.
വരുന്ന തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ നേരിടുന്നതിനായി കൂടുതൽ ഊർജ്ജ്വസ്വലനായ ഒരു അദ്ധ്യക്ഷൻ വേണമെന്ന് സംസ്ഥാനത്തെ നേതാക്കൾ എഐ സി.സി പ്രതിനിധി ദീപാ ദാസ് മുൻഷിയെ അറിയിച്ചിരുന്നു.. കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള ഗ്രൂപ്പ് പോരിൻ്റെ കാഠിന്യം ദീപാ ദാസ് മുൻഷി അഖിലേന്ത്യാ പ്രസിഡൻ്റ് ഖാർഗെ യെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുധാകരനെ മാറ്റാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നത്.
ഈഴവ സമുദായത്തിൽ പെട്ട സുധാകരന് പകരം ക്രിസ്ത്യൻ വിഭാഗക്കാരനായ ഒരാളെ കെ.പി.സി.സി അധ്യക്ഷനാക്കാനാണ് ഹൈക്കമാൻഡിന് താൽപ്പര്യം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ അധികാരകൈമാറ്റം നടത്താനാണ് തീരുമാനം. ആൻ്റോ ആൻ്റണി , ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾക്കാണ് മുൻതുക്കം. തനിക്ക് പകരം വിശ്വസ്തനായ സണ്ണി ജോസഫിനെ പരിഗണിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്ന് പേർക്കും തുല്യ സാധ്യതയാണ് നിലനിൽക്കുന്നത്.