ഗ്ലാസ്‌ഗോവിലെ വിഷു കെങ്കേമമാക്കാൻ കോഴിക്കോട്ടുനിന്ന് പറന്നു കണിവെള്ളരി മുതൽ തൂശനിലവരെ 

സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ മലയാളികള്‍ക്ക് വിഷു ആഘോഷിക്കാന്‍ കോഴിക്കോട്ടുനിന്ന് കണിവെള്ളരിമുതല്‍ തൂശനിലവരെ 18 ഉത്പന്നങ്ങള്‍ എമിറേറ്റ്സ് വിമാനത്തില്‍ 'പറന്നു '. ഗ്ലാസ്ഗോവിലെ അന്‍പതോളം മലയാളികള്‍ ചേര്‍ന്ന് ഇക്കുറി വിഷു നാട്ടില്‍നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് വേണമെന്ന് തീരുമാനിക്കുകയായിരുന്നു.

 

കോഴിക്കോട്:സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോവില്‍ മലയാളികള്‍ക്ക് വിഷു ആഘോഷിക്കാന്‍ കോഴിക്കോട്ടുനിന്ന് കണിവെള്ളരിമുതല്‍ തൂശനിലവരെ 18 ഉത്പന്നങ്ങള്‍ എമിറേറ്റ്സ് വിമാനത്തില്‍ 'പറന്നു '. ഗ്ലാസ്ഗോവിലെ അന്‍പതോളം മലയാളികള്‍ ചേര്‍ന്ന് ഇക്കുറി വിഷു നാട്ടില്‍നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ജന്മനാട്ടില്‍നിന്നുള്ള വിഭവങ്ങളുമായി ഗൃഹാതുരതയോടെ വിഷു ആഘോഷിക്കാനുള്ള ആഗ്രഹം അവര്‍ സഫലമാക്കുകയാണ്.

യു.കെ.യില്‍ പഴം, പച്ചക്കറി ഇറക്കുമതി ബിസിനസ് ചെയ്യുന്ന കോഴിക്കോട് കൊഴുക്കല്ലൂര്‍ സ്വദേശി സിദ്ദീഖ് കെ. മീത്തലുമായി അസോസിയേഷന്‍ ബന്ധപ്പെട്ടു. കോഴിക്കോട്ടുനിന്നും മൈസൂരു, ഊട്ടി, നഞ്ചന്‍കോട് എന്നിവിടങ്ങളില്‍നിന്നുമായി 18 ഉത്പന്നങ്ങള്‍ സംഭരിച്ചു. രാസവസ്തുക്കളോ കീടനാശിനികളോ ഒട്ടും ഉപയോഗിക്കാത്ത ഉത്പന്നങ്ങള്‍ കണ്ടെത്തുക ശ്രമകരമായിരുന്നു. പഴവും പച്ചമാങ്ങയും പടവലവും ചക്കയും ബീന്‍സും കറിവേപ്പിലയും മുരിങ്ങയിലയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെ പ്ലാന്റ് ക്വാറന്റൈന്‍ സര്‍ട്ടിഫിക്കേഷനുശേഷം 68 ബോക്‌സുകളില്‍ നിറച്ചു -മൊത്തം 425 കിലോ. 1.85 ലക്ഷം രൂപ ചെലവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വിഷുവിഭവങ്ങള്‍ കൊച്ചിയിലേക്ക് പറന്നു. അവിടെനിന്ന് ദുബായ്, ലണ്ടന്‍ വഴി മാഞ്ചസ്റ്ററിലേക്ക്. വ്യാഴാഴ്ച ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും. നാട്ടില്‍നിന്നുള്ള ഉത്പന്നങ്ങളുമായി അവര്‍ വിഷു കെങ്കേമമാക്കും.

കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്രികള്‍ച്ചറല്‍ ആന്റ് പ്രോസസ്ഡ് ഫുഡ് എക്‌സ്പോര്‍ട്ട് ഡിവലപ്മെന്റ് അതോറിറ്റി (അപേഡാ) രണ്ടുമണിക്കൂര്‍കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കി. കെമിക്കല്‍ ടെസ്റ്റിനും ലാബ് ടെസ്റ്റിനും ശേഷം അവിടത്തെ വെയര്‍ഹൗസില്‍ വേഗംതന്നെ പാക്കുചെയ്തു. പരിശോധനകളെല്ലാം വേഗത്തിലായതിനാല്‍ പച്ചക്കറികളുടെ ഈ അതിവേഗയാത്ര സുഗമമായി.