കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സമിതി

സംഭവത്തില്‍ ഗുരുതര അനാസ്ഥ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

 

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണ സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയര്‍ ഡിവിഷണല്‍ സേഫ്റ്റി ഓഫീസര്‍ ബെന്നി വര്‍ഗീസിന്റെ നേതൃത്വത്തിലാകും അന്വേഷണം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്

സംഭവത്തില്‍ ഗുരുതര അനാസ്ഥ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചു. നാല് മാസം മുമ്പ് കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്ന് മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. റെയില്‍വേ അധികൃതര്‍ നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെ ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചെങ്കിലും നടപടിയെടുത്തില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നത് ഗുരുതരമാണ്. 150 വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം.