കോഴിക്കോട് യുവാവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ സംഭവം : അന്വേഷണം ഊർജിതം

 

കോഴിക്കോട് പന്തീരിക്കരയിൽ സ്വർണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ ചോദ്യം ചെയ്തു വിട്ടയച്ചു. ഭർത്താവിനെ ദുബായിൽ ചിലർ ബന്ദിയാക്കിയെന്നും ഇർഷാദ് സ്വർണ്ണം നൽകിയാൽ മാത്രമേ ഭർത്താവിനെ വിട്ടു നൽകുകയുള്ളൂ എന്നും ഇർഷാദിന്റെ മാതാവിനോട് പറഞ്ഞ യുവതിയെയും ഇന്നലെ കസ്റ്റഡിയിലായ ഷമീർ നൽകിയ മൊഴിയിലെ യുവാവിനെയുമാണ് ചോദ്യം ചെയ്തത്.

പേരാമ്പ്ര എ. എസ് പി വിഷ്ണു പ്രദീപിനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല. താമരശേരിക്ക് അടുത്തുള്ള കൈതപ്പൊയിൽ ഉള്ള സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിനെ ലഭിച്ച സൂചന. ഇർഷാദിന്റെ മാതാവ് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യും.

ദുബായിൽ നിന്ന് കഴിഞ്ഞ മേയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.