കോഴിക്കോട് മെറ്റീരിയൽ റൂം തുറക്കൽ ; റിട്ടേണിങ് ഓഫിസർമാർക്കെതിരായ പരാതിയിൽ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി
കോഴിക്കോട് വെളളിമാടുകുന്ന് ജെ.ഡി.ടി ഇസ്‍ലാം കാമ്പസിലെ സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ റിട്ടേണിങ് ഓഫിസർമാർക്കെതിരായ പരാതിയിൽ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പരാതിക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും കേട്ട് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് കെ.വി. ജയകുമാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നിർദേശം നൽകിയത്.
കൊച്ചി: കോഴിക്കോട് വെളളിമാടുകുന്ന് ജെ.ഡി.ടി ഇസ്‍ലാം കാമ്പസിലെ സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ റിട്ടേണിങ് ഓഫിസർമാർക്കെതിരായ പരാതിയിൽ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി. പരാതിക്കാരെയും മറ്റു ബന്ധപ്പെട്ടവരെയും കേട്ട് തീരുമാനമെടുക്കാനാണ് ജസ്റ്റിസ് കെ.വി. ജയകുമാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് നിർദേശം നൽകിയത്.
ജില്ലയിലെ ചില മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിടത്തെ മെറ്റീരിയൽ റൂം നോട്ടീസ് നൽകാതെ തുറന്നെന്ന് ആരോപിച്ച് കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റും കൊയിലാണ്ടി മണ്ഡലം സ്ഥാനാർഥിയുമായ അഡ്വ. കെ. പ്രവീൺകുമാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഏപ്രിൽ 20ന്, യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് സമീപത്തെ മെറ്റീരിയൽ റൂം ഹരജിക്കാർക്ക് നോട്ടീസ് നൽകാതെ തുറന്നതിൽ പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫിസർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നതടക്കം ആവശ്യമാണ് നിവേദനത്തിലുള്ളത്. ഇതിൽ നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ലാപ്ടോപ് അടക്കം ഇലക്ട്രോണിക് ഉൽപന്നങ്ങൾ കൈവശം ഉണ്ടായിരുന്നുവെന്ന് ഹരജിയിൽ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് സീൽ ചെയ്ത ശേഷം സ്ട്രോങ് റൂമിലോ അനുബന്ധ മുറികളിലോ പ്രവേശിക്കാൻ അനുമതിയില്ലാത്തതാണ്. ഇത് ലംഘിച്ചാണ് സംസ്ഥാന തല ഉദ്യോഗസ്ഥർ ഇവിടെ പ്രവേശിച്ചത്. വോട്ടിങ് യന്ത്രത്തിൽ കൃത്രിമത്തിനടക്കം സാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.