ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ് ; പ്രതിചേർക്കപ്പെട്ട അമ്മയെ കുറ്റവിമുക്തയാക്കി കോടതി
ഒന്നര വയസ്സുകാരനായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അമ്മയെ കോടതി വെറുതെവിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനി ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജ് പി. പ്രദീപ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തയാക്കിയത്. 2019 നവംബർ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
കോഴിക്കോട്: ഒന്നര വയസ്സുകാരനായ മകനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിചേർക്കപ്പെട്ട അമ്മയെ കോടതി വെറുതെവിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനി ധനലക്ഷ്മിയെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജ് പി. പ്രദീപ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തയാക്കിയത്. 2019 നവംബർ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് ഒന്നര വയസ്സുകാരനായ മകൻ തടസ്സമാകുമെന്ന് കരുതി അമ്മ കുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, വിചാരണ വേളയിൽ ഹാജരാക്കിയ സാക്ഷികളെയോ തെളിവുകളോ ധനലക്ഷ്മിക്ക് മകനെ കൊലപ്പെടുത്തുന്നതിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷൻ ഉന്നയിച്ച കുറ്റാരോപണങ്ങൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് കോടതി യുവതിയെ കുറ്റവിമുക്തയാക്കി വിധി പുറപ്പെടുവിച്ചത്. കേസിന്റെ വിചാരണാ കാലയളവിൽ 82 ദിവസം ധനലക്ഷ്മി ജയിൽവാസം അനുഭവിച്ചിരുന്നു. പ്രതിഭാഗത്തിനായി അഡ്വ. പി. കുമാരൻകുട്ടി, അഡ്വ. സഫൽ കല്ലറംകെട്ടിൽ എന്നിവർ ഹാജരായി.