കോഴിക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം ; യുവാവിന് ദാരുണാന്ത്യം

 

കോഴിക്കോട് : ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് കൊയിലാണ്ടി അരിക്കുളം ഊരള്ളൂർ മനത്താനത്ത് അർജുൻ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. അരിക്കുളം ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോൾ അർജ്ജുൻ സഞ്ചരിച്ച ബൈക്ക് ഒറവിങ്കൽതാഴെ വളവിൽ ഓടയിലേക്ക് വീഴുകയായിരുന്നു.

അർജുനെ അബോധാവസ്ഥയിൽ കണ്ടെത്തിയ യാത്രക്കാർ കൊയിലാണ്ടി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ആംബുലൻസ് എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന അർജുൻ ദിവസങ്ങൾക്ക് മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ് – ഗണേശൻ. മാതാവ് – സുശീല. സഹോദരൻ – പ്രണവ്.