സൗദിയില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മരണത്തിൽ ദുരൂഹത; സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന യുവാവി​ന്റെ കുടുംബം

ഏപ്രില്‍ പത്തിനാണ് റാണോള്‍ഡ് കിരണ്‍ കുന്തറിനെ സൗദിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും സ്പോണ്‍സറുടേയും ഭാര്യയുടേയും സഹായികളുടേയും നിരന്തര പീഡനത്തിനിരയായി മകന്‍ കൊല്ലപ്പെട്ടാതാണെന്നുമാണ് റണോള്‍ഡ് കിരണ്‍ കുന്തറിന്റെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. 

 

മരണത്തില്‍ കോഴിക്കോട് എംപി, മുഖ്യമന്ത്രി എന്നിവര്‍ മുഖേന വിദേശകാര്യ മന്ത്രാലയത്തെ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം പറഞ്ഞു

കോഴിക്കോട് : സൗദിയില്‍ മരിച്ച കോഴിക്കോട് സ്വദേശി റണോള്‍ഡ് കിരണ്‍ കുന്തറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുബം. ഏപ്രില്‍ പത്തിനാണ് റാണോള്‍ഡ് കിരണ്‍ കുന്തറിനെ സൗദിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും സ്പോണ്‍സറുടേയും ഭാര്യയുടേയും സഹായികളുടേയും നിരന്തര പീഡനത്തിനിരയായി മകന്‍ കൊല്ലപ്പെട്ടാതാണെന്നുമാണ് റണോള്‍ഡ് കിരണ്‍ കുന്തറിന്റെ രക്ഷിതാക്കള്‍ ആരോപിക്കുന്നത്. 

പത്താംതീയതി മകന്റെ മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല. റണോള്‍ഡിന്റെ തൊട്ടടുത്ത് ഡ്രൈവറായി ജോലിചെയ്യുന്ന സോളമനെ ബന്ധപ്പെട്ടപ്പോള്‍ തലേദിവസം മകന് രക്തസമ്മര്‍ദം കൂടിയതിനാല്‍ സ്പോണ്‍സര്‍ ആശുപത്രിയിലാക്കിയെന്നും ഹൃദയാഘാതം മൂലം മകന്‍ മരിച്ചെന്നുമാണ് അറിയിച്ചത്.

കൂടൂതല്‍ വിവരം അറിയാനായി വീണ്ടും വിളിച്ചപ്പോള്‍ മകന്‍ തൂങ്ങിയ നിലയിലായിരുന്നുവെന്നും കൈയും കാലും പിന്നില്‍കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പറഞ്ഞു. തുടര്‍ന്ന് ദമാമിലുളള ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ കുളിമുറിയിലേക്ക് പോകുമ്പോള്‍ തലയിടിച്ച് വീണ് മരിച്ചുവെന്നാണ് ആശുപത്രിയില്‍നിന്ന് അറിയിച്ചത്. മൃതദേഹം കാണാന്‍ അവരെ അനുവദിച്ചില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങളാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. മകന്റെ മൃതദേഹത്തിനടുത്തുനിന്നും കിട്ടിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പിലുള്ളത് മകന്റെ കയ്യക്ഷരമല്ല. കുറിപ്പിലുള്ളത് മകന്റെ ഒപ്പുമല്ല. സോളമനും സ്പോണ്‍സറും ഭാര്യയും കോഴിക്കോട് സ്വദേശിയായ ജോമോന്‍ എന്ന വ്യക്തിയും ചേര്‍ന്ന് മകനെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും മകന്‍ കൊല്ലപ്പെട്ടതാണെന്നും ഇവര്‍ ആരോപിച്ചു.

മരണത്തില്‍ കോഴിക്കോട് എംപി, മുഖ്യമന്ത്രി എന്നിവര്‍ മുഖേന വിദേശകാര്യ മന്ത്രാലയത്തെ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം പറഞ്ഞു. റണോള്‍ഡിന്റെ മൃതദേഹം റീപോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അധികൃതരുടെ സഹായം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.