കോവളത്തെ സ്പാ പീഡനകേസ്; അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മേയര്‍  സസ്പെന്‍ഡ് ചെയ്തു

കോവളത്ത് സ്പായില്‍ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ അനുരൂപിനെ മേയര്‍ വി വി രാജേഷ് സസ്പെന്‍ഡ് ചെയ്തു. കോവളത്തെ ഡ്രീംസ് എന്ന സ്പായുടെ യഥാര്‍ഥ ഉടമ അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

തിരുവനന്തപുരം: കോവളത്ത് സ്പായില്‍ പതിനാറുകാരി ലൈംഗിക ചൂഷണത്തിനിരയായ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ അനുരൂപിനെ മേയര്‍ വി വി രാജേഷ് സസ്പെന്‍ഡ് ചെയ്തു. കോവളത്തെ ഡ്രീംസ് എന്ന സ്പായുടെ യഥാര്‍ഥ ഉടമ അനുരൂപാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ആന്ധ്രാ സ്വദേശിനിയാണ് പീഡനത്തിനിരയായത്, ഡ്രീം എന്ന പേരിലെ സ്പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സ്പാ പീഡനത്തില്‍ അറസ്റ്റിലായ നിശാന്തിനെ ബിനാമിയാക്കിയായിരുന്നു.മൂന്ന് മാസം മുമ്പ് തുടങ്ങി എന്നാണ് അനുരൂപിന്റെ മൊഴി. എന്നാല്‍ ഇയാള്‍ക്ക് ഏറെ നാള്‍ മുമ്പേ നിഷാന്തുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.സ്പായിലെ വരുമാനം മുഴുവന്‍ പോയിരുന്നത് അനുരൂപിന്റെ അക്കൗണ്ടലേക്കാണ്. ദിവസം 25000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. സ്പായുടെ വാടക കരാര്‍ നിഷാന്തിന്റെ പേരിലാണ്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ഇന്ന് സ്പായില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനൊപ്പം തന്നെ സ്പായിലെത്തിയ സന്ദര്‍ശകരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്.

അന്തര്‍സംസ്ഥാന റാക്കറ്റാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിച്ചതിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. തമിഴ്നാട്ടില്‍നിന്നു പതിനാറുകാരിയെ കോവളത്ത് എത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ബംഗളൂരു സ്വദേശിയാണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.