കോവളം പീഡന കേസ് : മുമ്പും നിരവധി പെണ്‍കുട്ടികളെ എത്തിച്ചു, സ്പാ ഉടമ അനുരൂപിന് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധം
കോവളം സ്പായിലെ പീഡനത്തില്‍ സ്പാ ഉടമ അനുരൂപിന് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും അന്വേഷണസംഘം കണ്ടെത്തി.
തിരുവന്തപുരം: കോവളം സ്പായിലെ പീഡനത്തില്‍ സ്പാ ഉടമ അനുരൂപിന് പെണ്‍വാണിഭ സംഘവുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തല്‍. അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ലെന്നും അന്വേഷണസംഘം കണ്ടെത്തി. മുമ്പും ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ എത്തിച്ചതായാണ് വിവരം. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമുണ്ടെന്നും വിവരമുണ്ട്. കോവളത്തിന് പുറമേ വിഴിഞ്ഞത്തും പൊഴിയൂരിലുമുള്ള അനുരൂപിന്റെ സ്പായിലെ വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുകയാണ്. ബെംഗളൂരുവിലെ ഇടനിലക്കാരിക്കായും പൊലീസ് വലവിരിച്ചിട്ടുണ്ട്. ഇവരായിരുന്നു ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കേരളത്തില്‍ എത്തിച്ചിരുന്നത്.
അതേസമയം കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിച്ചിരിക്കുകയാണ്. കണ്ട്രോള് റൂം എസിപിക്കായിരിക്കും അന്വേഷണ ചുമതല. കോവളം സിഐ അടക്കമുള്ളവര്‍ സംഘത്തില്‍ തുടരും. പീഡനത്തിനിരയായ പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് നീക്കം. ഗുഡുവാഞ്ചേരി പൊലീസ് തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പൊലീസ് നാളെ പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും. സിഡബ്ല്യുസിയുടെ അനുമതിക്ക് തമിഴ്നാട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇതിനായി നെയ്യാറ്റിന്‍കര കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. സ്പാ നടത്തിപ്പുകാരായ സുജിത്ത്, നിശാന്ത് എന്നിവരെയായിരിക്കും ആദ്യം കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍, പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ മുഖ്യപ്രതിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അനുരൂപിന്റെ മറ്റ് സ്പകളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തിലും ഉടന്‍ തീരുമാനമുണ്ടാകും.