കോട്ടയത്ത് ദേശീയനിലവാരത്തില്‍ പണികഴിയിച്ച പാതയില്‍ മഴയിൽ പ്രത്യക്ഷപ്പെട്ടത് വമ്പൻ കുഴികൾ

 

കോട്ടയം : ബി.എം.ബി.സി. ദേശീയനിലവാരത്തില്‍ പണികഴിയിച്ച പാതയില്‍ വമ്പൻ കുഴി. എല്ലാം ഗംഭീരമെന്ന് പറയുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുഖത്തടിയേറ്റ പോലെ നാണക്കേടുണ്ടാക്കിയത് പാലാ നഗരഹൃദയത്തില്‍. ജനറലാശുപത്രിക്കും വലിയപാലത്തിനും അമ്പതുമീറ്റര്‍ അകലെ കിഴതടിയൂര്‍ ബാങ്ക് റോഡിന് എതിര്‍വശത്ത് നഗരസഭയുടെ ജനകീയഭക്ഷണശാലയോട് ചേര്‍ന്നാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.

15 അടി ആഴവും 10 അടിയോളം വീതിയുമുള്ളതാണ് കുഴി. രാവിലെ നടക്കാന്‍ വന്ന നാട്ടുകാരാണ് കുഴി കണ്ട് വിവരം അധികാരികളെ അറിയിക്കുന്നത് . ജനകീയ ഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും കുഴി ഭീഷണിയാണ്. ചെറിയ കുഴിയാണെന്ന നിഗമനത്തില്‍ മണ്ണ് നീക്കംചെയ്തു തുടങ്ങിയപ്പോഴാണ് പണി പാളിയെന്നറിയുന്നത്. മണ്ണുമാന്തി യന്ത്രത്തിന്റെ തൊട്ടി താഴേക്ക് താണുപോയി.

ഇളകിയ മണ്ണ് നീക്കിയപ്പോള്‍ കുഴി ചെറിയ കിണര്‍വലുപ്പത്തിലായി. ഈ ഭാഗത്ത് റോഡിന് കുറുകെ ഓടയുണ്ടായിരുന്നുവെന്നും അത് ഇടിഞ്ഞു താഴ്ന്നതാണെന്നുമുള്ള നിഗമനത്തിലാണ് പൊതുമരാമത്തുവകുപ്പ്. കിഴതടിയൂര്‍ ബാങ്ക് ഭാഗത്തുള്ള ഓടയുടെ തുടര്‍ച്ചയായി പ്രധാന റോഡിന് കുറുകെ ഓടയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

എന്നാല്‍ കുഴിയിലെ മണ്ണ് നീക്കംചെയ്തപ്പോള്‍ ഓട കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രവൃത്തി നിർത്തിവെക്കുകയും , റോഡിലെ കുഴിയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു . എന്നാൽ പൊല്ലാപ്പുകൾ അവസാനിക്കുന്നില്ല , കുഴി രൂപപ്പെട്ടതിന് എതിര്‍വശത്ത് ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ട് കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് വെള്ളം കയറി.

റോഡിനെ കുറുകെയുള്ള ഓട ഇടിഞ്ഞ് ഒഴുക്ക് നിലച്ചതിനാലാണ് കെട്ടിടങ്ങളില്‍ വെള്ളം കേറിയതാണെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിലയിരുത്തൽ . ജനകീയ ഭക്ഷണശാലയുടെ പിറകുവശം താഴ്ചയുള്ളതാണ്. ഈ കെട്ടിടത്തിനും ബലക്ഷയമുണ്ടായിട്ടുണ്ട്.

ഇടിഞ്ഞഭാഗത്ത് ഓടയുണ്ടെങ്കില്‍ കെട്ടി പുനഃസ്ഥാപിച്ച ശേഷമേ കുഴി നികത്തുവാന്‍ സാധിക്കൂ. പഴയ ഓട ജനകീയഭക്ഷണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെയും അടിഭാഗത്തുകൂടിയാണ് കടന്നു പോകുന്നതെന്ന് കരുതുന്നു.

പഴയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മേല്‍ക്കൂരയും ഭിത്തിക്ക് പകരം ചില്ലും സ്ഥാപിച്ചാണ് ജനകീയ ഭക്ഷണശാല സജ്ജമാക്കിയിട്ടുള്ളത്. ഈ ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചശേഷമായിരിക്കും തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് അധികൃതര്‍ പറഞ്ഞു.